ന്യൂദല്‍ഹി: ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. നിലവിലെ നിരക്കില്‍ നിന്ന് കിലോമീറ്ററിന് അഞ്ച് പൈസ മുതല്‍ 40 പൈസ വരെ വര്‍ധിപ്പിക്കാനാണ് നീക്കം. എസി കാറ്റഗറിയിലും അണ് റിസേര്‍വ്ഡ് കാറ്റഗറിയിലും സീസണ് ടിക്കറ്റുകളിലും നിരക്ക് വര്‍ധനവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് . കഴിഞ്ഞ മാസം തന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് നിരക്ക് വര്‍ധനവിന് അനുമതി നല്‍കിയിരുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ റെയില്‍വേ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടായിരുന്നു. ഇത് മറികടക്കുന്നതിന് വേണ്ടിയാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്.
റെയില്‍വേയുടെ ചരക്ക് നീക്കത്തില്‍ നിന്നുള്ള വരുമാനം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഏഴ് മാസത്തിനിടെ 19,412 കോടി രൂപയായി കുറഞ്ഞു. ഇതിനു പുറമെ യാത്രാ നിരക്കില്‍ നിന്നുള്ള വരുമാനത്തിലും കുറവ് വരുമാനമാണ് രേഖപ്പെടുത്തിയത്. റെയില്‍വേ പ്രതീക്ഷിച്ചത് 1.18 ലക്ഷം കോടിയുടെ വരുമാനം ആയിരുന്നെങ്കിലും ലഭിച്ചത് 99,223 കോടി മാത്രമാണ്. ഈ സാഹചര്യത്തിലാണ് റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്.