ഡി ജെ പാർട്ടിക്കിടെ ടെക്കി കുഴഞ്ഞുവീണു മരിച്ചു; ബാറിൽ മദ്യം വിളമ്പിയത് കള്ളലൈസൻസ് ഉപയോഗിച്ച്
ചെന്നൈ: ഡി ജെ പാർട്ടിക്കിടെ ഇരുപത്തിമൂന്നുകാരൻ കുഴഞ്ഞുവീണു മരിച്ചു. ചെന്നൈ അണ്ണാനഗറിന് സമീപമുള്ള വി ആർ മാളിലെ ബാറിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. മടിപ്പാക്കം സ്വദേശിയും ടെക്കിയുമായ എസ് പ്രവീൺ (23)ആണ് മരിച്ചത്. അമിത മദ്യപാനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.പാർട്ടിക്കിടെ കുഴഞ്ഞുവീണ പ്രവീണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അടുത്തദിവസം മരണപ്പെടുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാനാവൂവെന്ന് പൊലീസ് അറിയിച്ചു.ഗ്രേറ്റ് ഇന്ത്യൻ ഗാദെറിംഗ് എന്ന കമ്പനിയാണ് ഡിജെ പാർട്ടി സംഘടിപ്പിച്ചത്. യുവാവ് കുഴഞ്ഞുവീണുവെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിൽ 884 മദ്യകുപ്പികൾ കണ്ടെടുത്തു. അനുവാദമില്ലാതെയാണ് ബാറിൽ മദ്യം വിളമ്പിയതെന്നും പൊലീസ് അറിയിച്ചു. മറ്റൊരു ബാറിന്റെ ലൈസൻസ് ഉപയോഗിച്ചായിരുന്നു മദ്യം നൽകിയിരുന്നത്. പ്രായപൂർത്തിയാകാത്ത 90 പേർക്ക് മദ്യം നൽകിയതായും പൊലീസ് വ്യക്തമാക്കി. ബാറിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.