അമ്മയുടെ ചരമ വാർഷിക ഓർമയിൽ മക്കളുടെ കാരുണ്യസ്പർശം
പാലക്കുന്ന് : അമ്മയുടെ ഒന്നാം ചരമ വാർഷിക ദിനത്തിന്റെ ഓർമയിൽ കാരുണ്യത്തിന്റെ സ്നേഹവായ്പ്പുമായി മക്കൾ. മുദിയക്കാൽ കടമ്പൻചാലിലെ പരേതനായ നാരായണൻ മാസ്റ്ററുടെ ഭാര്യ കാർത്ത്യായണിയമ്മയുടെ ഒന്നാം ചരമ വാർഷിക നാളിലാണ് അസുഖം മൂലം അവശതയനുഭവിക്കുന്നവർക്കായി ചക്രകസേര, ജലം നിറച്ച റബ്ബർശയ്യ, ഊന്നുവടി എന്നിവ മക്കൾ നൽകിയത്. ഈയിടെ പ്രവർത്തിച്ചു തുടങ്ങിയ പള്ളിക്കര കനിവ് പാലിയേറ്റീവ് സൊസൈറ്റി സോണൽ കമ്മിറ്റിയ്ക്ക് വേണ്ടി ജില്ല പാലിയേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ.വി. കുഞ്ഞിരാമൻ ഇവ ഏറ്റുവാങ്ങി. കനിവ് പാലിയേറ്റീവ് ചെയർമാൻ രാഘവൻ വെളുത്തോളി, കൺവീനർ എ. വിനോദ് കുമാർ പങ്കെടുത്തു.ഇവിടേക്ക് സംഭാവനയായി ആദ്യം ലഭിച്ച സാമഗ്രികളാണിവയെന്ന് അവർ പറഞ്ഞു.