ഇന്ത്യയിലെ റെയിൽവേ ട്രാക്കുകളെ ലക്ഷ്യമിട്ട് പാക് ചാര സംഘടന
ന്യൂഡൽഹി: പഞ്ചാബിലെയും അതിന് ചുറ്റുമുള്ള സംസ്ഥാനങ്ങളിലെയും റെയിൽവേ ട്രാക്കുകളെ ലക്ഷ്യമിട്ട് പാക് ചാര സംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) ഗൂഡാലോചന നടത്തുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
ചരക്ക് തീവണ്ടികളെ തകർക്കുന്നതിനായി റെയിൽവേ ട്രാക്കുകളിൽ സ്ഫോടനം നടത്താനാണ് ഐഎസ്ഐ പ്രവർത്തകർ ലക്ഷ്യമിടുന്നത്. അതിനായുള്ള പദ്ധതികൾ അവർ ആവിഷ്കരിക്കുകയാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ.
ട്രാക്കുകൾ തകർക്കുന്നതിനും ചരക്ക് തീവണ്ടികളെ തകർക്കുന്നതിനുമായി ഐഎസ്ഐ ഇന്ത്യയിലെ തങ്ങളുടെ പ്രവർത്തകർക്ക് വൻതോതിൽ ധനസഹായം നൽകുന്നുണ്ടെന്നും കേന്ദ്ര ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകി. രാജ്യത്തുള്ള പാക്കിസ്ഥാൻ സ്ലീപ്പർ സെല്ലുകൾക്ക് ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിനായി വൻ തുകയാണ് അവർ എത്തിച്ചു നൽകുന്നതെന്നാണ് വിവരം.