വിസ്മയ കേസിൽ കിരൺകുമാർ കുറ്റക്കാരൻ, ജാമ്യം റദ്ദാക്കി; ശിക്ഷ നാളെ
കൊല്ലം: നിലമേലിലെ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ വിധിക്കും.പ്രതിയുടെ ജാമ്യം റദ്ദാക്കി.കൊല്ലം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത്ത് ആണ് വിധി പറഞ്ഞത്. അഞ്ചാമതായിട്ടാണ് കോടതി കേസ് പരിഗണിച്ചത്.വിധി കേൾക്കാൻ വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ കോടതിയിലെത്തിയിരുന്നു. പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കിരണിന് കിട്ടുന്ന ശിക്ഷ സമൂഹത്തിന് നൽകുന്ന സന്ദേശം കൂടിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീധനം ആവശ്യപ്പെടൽ തുടങ്ങിയ വകുപ്പുകളായിരുന്നു പ്രതിക്കെതിരെ ചുമത്തിയത്. ആത്മഹത്യയിലേക്ക് തള്ളിവിടുകയെന്ന ലക്ഷ്യത്തോടെ കിരൺ വിസ്മയയെ നിരന്തരം പീഡിപ്പിച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരൺകുമാറിന്റെ വീടായ പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിലെ കിടപ്പുമുറിയോട് ചേർന്നുള്ള ടോയ്ലെറ്റിൽ 2021 ജൂൺ 21നാണ് വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്മയയെ ആശുപത്രിയിൽ എത്തിച്ചശേഷം ഒളിവിൽ പോയ കിരൺകുമാർ 21ന് രാത്രി എട്ടരയോടെ ശാസ്താംകോട്ട സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.കിരണിനെ പിന്നീട് സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിൽ 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി സെപ്തംബർ 10ന് കുറ്റപത്രം സമർപ്പിച്ചു. ജനുവരി പത്തിന് ആരംഭിച്ച വിചാരണ ഈ മാസം 18നാണ് പൂർത്തിയായത്. വിചാരണ അന്തിമഘട്ടത്തിലെത്തിയിരുന്ന സാഹചര്യത്തിൽ സുപ്രീംകോടതി ഒരുമാസം മുമ്പ് കിരണിന് ജാമ്യം അനുവദിച്ചിരുന്നു.