വരുമാനമില്ലാത്തതിനാൽ പിരിവുനൽകിയില്ല, ഇടത് നേതാവും സംഘവും ഹോട്ടൽ അടിച്ചുതകർത്തു
തിരുവല്ല: അഞ്ഞൂറ് രൂപ പാർട്ടി പിരിവ് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ മന്നംകരച്ചിറയിൽ സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഹോട്ടൽ അടിച്ചുതകർത്തു. ഹോട്ടൽ നടത്തിപ്പുകാരായ നെയ്യാറ്റിൻകര സ്വദേശികളായ മുരുകൻ, ഉഷ ദമ്പതികൾക്കാണ് മർദ്ദനമേറ്റത്. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെ മന്നംകരച്ചിറ ജംഗ്ഷന് സമീപമുള്ള ശ്രീമുരുകൻ ഹോട്ടലിനു നേരെയായിരുന്നു ആക്രമണം.സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയും ഓട്ടോഡ്രൈവറുമായ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന് ദമ്പതികൾ പറഞ്ഞു. അഞ്ഞൂറ് രൂപ പിരിവ് ചോദിച്ചെന്നും നൽകാൻ ഹോട്ടലിൽ അത്രയും പണം ഇല്ലായിരുന്നെന്നും ഇവർ പറയുന്നു. തിരുവല്ല താലൂക്ക് ആശുപത്രിയിൽ ദമ്പതികൾ ചികിത്സ തേടിയിരുന്നു. ഇവിടെ എത്തിയും കുഞ്ഞുമോനും കൂട്ടരും ഭീഷണിപ്പെടുത്തിയതായി മുരുകൻ പറഞ്ഞു. തിരുവല്ല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പാർട്ടിക്കാരുടെ ഭീഷണിയെ തുടർന്ന് പിൻവലിച്ചു. എന്നാൽ സംഭവം വിവാദമായതോടെ ഇന്നലെ പൊലീസ് കേസെടുത്തു. പ്രദേശവാസികളായ കുഞ്ഞുമോൻ, ലിജോ, കണ്ടാലറിയാവുന്ന ഒരാൾ ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് കേസ്.