മലയാളി ജ്വല്ലറി ഉടമയെ കണ്ടെത്താനായില്ലെന്ന് മുംബൈ പൊലീസ്
മുംബൈ: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ, എസ് കുമാർ ജ്വല്ലറി ഉടമ ശ്രീകുമാർ പിള്ളയെ കണ്ടെത്താനാകാതെ പൊലീസ്. നൂറ് കണക്കിന് പേരിൽ നിന്നായി കോടിക്കണക്കിന് രൂപ നിക്ഷേപം സ്വീകരിച്ച ശേഷം മുങ്ങിയ മലയാളി വ്യവസായി ഒളിവിലാണെന്നാണ് പൊലീസിന്റെ വിശദീകരണം. സ്ഥിരം നിക്ഷേപങ്ങൾക്ക് 16 ശതമാനത്തിലധികം പലിശ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.
500 രൂപ മുതലുള്ള മാസ ചിട്ടി അടക്കം മൂന്ന് നിക്ഷേപ പദ്ധതികളാണ് എസ് കുമാറിന് ഉണ്ടായിരുന്നത്. ഒരു ലക്ഷത്തിന് മുകളിൽ ഒരു വർഷത്തേക്ക് നിക്ഷേപിച്ചാൽ കിട്ടുക 16 ശതമാനം പലിശയാണ്. 5 വർഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് ഇരട്ടി തുക നൽകുമെന്നായിരുന്നു വാഗ്ദാനം. ബാങ്കുകളിലടക്കം ഒരിടത്തും കിട്ടാത്ത വൻ പലിശ കണ്ട് പണം നിക്ഷേപിച്ചവരിൽ മലയാളികളും മഹാരാഷ്ട്രക്കാരുമുണ്ട്. ഒരു ലക്ഷം മുതൽ 60 ലക്ഷം വരെ നിക്ഷേപിച്ചവരാണ് പലരും. നൂറ് കോടിക്ക് മുകളിൽ പണം പറ്റിച്ചെന്നാണ് നിക്ഷേപകരുടെ ആരോപണം.
കഴിഞ്ഞ ഓഗസ്റ്റിൽ ജ്വല്ലറി പൂട്ടി. പണം തിരികെ ചോദിച്ച് വന്നവരോട് എല്ലാവരുടേയും പണം തരുമെന്നും ഫണ്ട് റെഡിയാക്കാൻ കുറച്ച് സമയം വേണമെന്നുമായിരുന്നു ശ്രീകുമാറിന്റെ മറുപടി. പലവട്ടം ഇതാവർത്തിച്ചു. ഇതിനിടെ
ആത്മഹത്യാഭീഷണിയും മുഴക്കി. പണം കിട്ടാതായതോടെ നിക്ഷേപകർ പൊലീസിൽ പരാതി നൽകി. മഹാരാഷ്ട്ര പൊലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേസന്വേഷിക്കുന്നുണ്ടെങ്കിലും പ്രതിയെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.