വെറും പത്തുദിവസം കൊണ്ട് ഏഴുവയസുകാരി സ്വന്തമാക്കിയത് ലോകറെക്കാഡ്
തിരുവനന്തപുരം; പത്തു ദിവസം കൊണ്ട് നാട്ടി കുറിഞ്ചി രാഗത്തിൽ ഭരതനാട്യം പഠിച്ച് അരങ്ങേറ്റം നടത്തിയ ഏഴു വയസുകാരി ശിവഗംഗയ്ക്കു ലോകറെക്കാഡ്. തിരുവനന്തപുരം ഗവ. കോട്ടൺഹിൽ എൽ.പി.എസിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ശിവഗംഗ. മാദ്ധ്യമ പ്രവർത്തകൻ ഡോ. മനു സി. കണ്ണൂരിന്റെയും കരകുളം ഗവ. യു.പിസ്കൂൾ അദ്ധ്യാപിക ശിലയുടെയും മകളാണ്. നടനഭൂഷണം ബാബുനാരായണനാണ് നൃത്തം പരിശീലിപ്പിച്ചത്.
വഞ്ചിയൂർ അത്തിയറ മഠം ദേവീക്ഷേത്രത്തിൽ അരങ്ങേറ്റവും നടത്തി. വേൾഡ് റെക്കാഡ്സ്, ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്സ്, ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സ് എന്നിവയുടെയും പ്രതിനിധികൾ ശിവഗംഗയുടെ നൃത്തം കണ്ടു. ആറ്റുകാൽ ക്ഷേത്രത്തിലെ അംബ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ശിവഗംഗയുടെ അരങ്ങേറ്റനൃത്തം വീണ്ടും അവതരിപ്പിച്ചു. വേൾഡ് റെക്കാഡ്സ് പ്രതിനിധി ഷെറീഫ ഹനീഫ്, ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്സിന്റെയും ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിന്റെയും പ്രതിനിധി
വിവേക് ആർ. നായർ എന്നിവർ ചേർന്ന് ശിവഗംഗയ്ക്ക് റെക്കാഡുകൾ സമ്മാനിച്ചു.