ആലപ്പുഴയിൽ നിന്ന് കാണാതായ രാഹുലിന്റെ പിതാവ് ജീവനൊടുക്കി
ആലപ്പുഴ: പതിനേഴു വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നിന്ന് കാണാതായ രാഹുലിന്റെ പിതാവ് ജീവനൊടുക്കി. പൂന്തോപ്പ് (പഴയ ആശ്രമം) വാർഡിൽ രാഹുൽ നിവാസിൽ എ.ആർ.രാജു (58) ആണ് മരിച്ചത്. ഇന്നലെ വീട്ടിൽ എത്തിയ അയൽവാസിയാണ് വീട്ടിലെ കിടപ്പ് മുറിയിൽ കെട്ടിത്തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. ഇക്കഴിഞ്ഞ 18നാണ് രാഹുലിനെ കാണാതായി 17 വർഷം പൂർത്തിയായത്. നോർത്ത് പൊലീസ് എത്തി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
2005 മേയ് 18നാണ് മദ്ധ്യവേനൽ അവധിക്കാലത്ത് വീടിന് സമീപത്തെ മഞ്ഞിപ്പുഴ മൈതാനത്ത് ക്രിക്കറ്റ് കളിക്കിടെ രാഹുലിനെ കാണാതായത്. ഏഴുവയസ് പൂർത്തിയാകും മുൻപായിരുന്നു രാഹുലിന്റെ തിരോധാനം. സംഭവത്തെത്തുടർന്ന് ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ രാജു, പിന്നീട് ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ചികിത്സയിലായിരുന്നു. കൊവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തും. നോർത്ത് പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: മിനി (കൺസ്യൂമർ ഫെഡ് നീതി സ്റ്റോർ ജീവനക്കാരി). മകൾ: ശിവാനി (ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി).