400 കോടി തട്ടിപ്പ് കേസിലെ മുഖ്യപ്രതി ജയിലില്‍ ക്ഷയരോഗം ബാധിച്ച് മരിച്ചു
ന്യൂഡല്‍ഹി: 400 കോടിയു രൂപയുടെ സിറ്റി ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ശിവരാജ് പുരി (46) ക്ഷയരോഗം ബാധിച്ച് മരിച്ചു. ഭോണ്ട്സി ജയിലില്‍ കഴിയുന്നതിനിടെ രോഗം മൂര്‍ച്ഛിച്ച ശിവരാജ് പുരി, കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ആശുപത്രിയിലാണ് മരിച്ചത്. 2020 നവംബറിലാണ് തട്ടിപ്പ് കേസില്‍ പിടിയിലായ ശിവരാജ് പുരിയെ ഭോണ്ട്സി ജയിലില്‍ എത്തിച്ചത്. ക്ഷയരോഗം ബാധിച്ച ഇയാള്‍ എല്‍.ആര്.എസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും വ്യാഴാഴ്ച രാത്രി 9.30 ഓടെയാണ് മരണം സംഭവിച്ചതെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.
2010-ല്‍ 400 കോടി രൂപയുടെ സിറ്റി ബാങ്ക് തട്ടിപ്പ് കേസിലാണ് ശിവരാജ് പുരി ആദ്യം പോലീസിന്റെ പിടിയിലാകുന്നത്. സിറ്റി ബാങ്കില്‍ റിലേഷന്‍ഷിപ്പ് മാനേജരായി ജോലിചെയ്യുന്നതിനിടെ ഉന്നതരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് പണം വകമാറ്റി ചിലവഴിച്ചെന്നായിരുന്നു കേസ്. വന്‍കിട ബിസിനസുകാരും കോര്‍പ്പറേറ്റ് കമ്പനികളുമാണ് ശിവരാജിന്റെ ചതിയില്‍പ്പെട്ടത്. ഇവരില്‍ നിന്ന് വന്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ച ഇയാള്‍ പണമെല്ലാം ഓഹരിവിപണിയിലേക്ക് വകമാറ്റുകയും 405 കോടിയോളം രൂപയുടെ നഷ്ടം സംഭവിക്കുകയുമായിരുന്നു.
2018-ല്‍ തട്ടിപ്പ് കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു പിന്നാലെ ശിവരാജ് പുരി ഒളിവില്‍ പോയി. ഈ കാലയളവിലും ഇയാള്‍ നിരവധിപേരെ വഞ്ചിച്ചതായാണ് പരാതി. തുടര്‍ന്ന് ഇയാള്‍ക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും 2020- ല്‍ ഭൂമി തട്ടിപ്പ് കേസില്‍ വീണ്ടും പിടികൂടുകയുമായിരുന്നു.
കഴിഞ്ഞ 18 ദിവസത്തിനിടെ ഭോണ്ട്സി ജയിലില്‍ ക്ഷയരോഗം ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ തടവുകാരനാണ് ശിവരാജ് പുരിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മേയ് രണ്ടാം തീയതി പോക്സോ കേസില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്ന ഷക്കീലും (27) കഴിഞ്ഞ ചൊവ്വാഴ്ച കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട സന്ദീപ് എന്ന സോനു (45) വും ക്ഷയരോഗം ബാധിച്ച് മരിച്ചിരുന്നു.