ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവില്‍ നടക്കുന്ന പ്രതിഷേധ സമരത്തിനെതിരെ കരസേന മേധാവി ബിപിന്‍ റാവത്ത്. ജനങ്ങളെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവരല്ല നേതാക്കളെന്ന് അദ്ദേഹം പറഞ്ഞു.നയിക്കുന്നതാണ് നേതൃത്വം. നിങ്ങള്‍ മുന്നോട്ട് നീങ്ങുമ്പോള്‍ എല്ലാവരും പിന്തുടരുന്നു. ശരിയായ ദിശയില്‍ നയിക്കുന്നവരാണ് നേതാക്കള്‍. നഗരങ്ങളില്‍ തീവെപ്പും അക്രമവും നടത്താന്‍ ആള്‍ക്കൂട്ടത്താല്‍ നയിക്കപ്പെടുന്ന വലിയ ഒരു കൂട്ടം സര്‍വകലാശാല-കോളജ് വിദ്യാര്‍ഥികളെ നമ്മള് കാണുന്നുണ്ട്. അതുപോലെ ജനങ്ങളെ ഉചിതമല്ലാത്ത ദിശയിലേക്ക് നയിക്കുന്നവരല്ല നേതാക്കളെന്നും അത് നേതൃത്വമല്ലെന്നും ബിപിന്‍ റാവത്ത് അഭിപ്രായപ്പെട്ടു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം അരങ്ങേറുകയാണ്. ബില്‍ നിയമമാക്കിയതോടെ അതിനെതിരെയുള്ള പ്രതിഷേധ സമരം ശക്തി പ്രാപിക്കുകയായിരുന്നു. കോളജ് വിദ്യാര്‍ഥികളും സര്‍വകലാശാല വിദ്യാര്‍ഥികളും ചലച്ചിത്ര പ്രവര്‍ത്തകരും പ്രതിപക്ഷ കക്ഷികളും തുടങ്ങി സമൂഹത്തിന്റെ നാനാ വിഭാഗങ്ങളിലുമുള്ളവര്‍ സമരമുഖത്ത് സജീവമാണ്.