ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി സി ജോർജ് ഹൈക്കോടതിയിലേക്ക്; അറസ്റ്റ് ഉടൻ ഉണ്ടാകില്ലെന്ന് പൊലീസ്
കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗത്തിൽ മുൻകൂർ ജാമ്യം തേടി പി സി ജോർജ് ഹൈക്കോടതിയെ സമീപിക്കും. എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. തിങ്കളാഴ്ച തന്നെ ജാമ്യാപേക്ഷ നൽകാനാണ് സാദ്ധ്യത.വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിൽ സപ്താഹയജ്ഞത്തിൽ ഒരു മതവിഭാഗത്തെ ആക്ഷേപിച്ച് പ്രകോപനപരമായി പ്രസംഗിച്ചെന്നാരോപിച്ചാണ് പി സി ജോർജിനെതിരെ പൊലീസ് ജാമ്യമില്ലാവകുപ്പുചുമത്തി കേസെടുത്തത്. എന്നാൽ, പി സി ജോർജ് അറസ്റ്റ് ഉടനുണ്ടാകില്ലെന്നാണ് പൊലീസ് പറയുന്നത്.തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ ജാമ്യം നൽകിയതിനെതിരെ പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിന്റെ ഉത്തരവ് അറിഞ്ഞ ശേഷമായിരിക്കും കൂടുതൽ നടപടികളിലേക്ക് കടക്കുക.അതേസമയം, സർക്കാർ തനിക്കെതിരെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നീങ്ങുകയാണെന്നും ഇത് കളളക്കേസാണെന്നുമായിരുന്നു പി സി ജോർജ് പറഞ്ഞത്. തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പി സി ജോർജ് വീണ്ടും ആവർത്തിച്ചത് ഗൂഡലക്ഷ്യങ്ങളോടെയാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.പ്രസംഗത്തിന്റെ ഓഡിയോയും ചിത്രങ്ങളും പൊലീസിന് ലഭിച്ചിരുന്നു. വിദ്വേഷപ്രസംഗം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ഐ.പി.സി 153 എ, 295 എ വകുപ്പുകൾ പ്രകാരം ജാമ്യമില്ലാക്കുറ്റം ചുമത്തി പാലാരിവട്ടം പൊലീസ് കേസെടുക്കുകയായിരുന്നു. സമുദായ സ്പർദ്ദയുണ്ടാക്കൽ, മനപ്പൂർവമായി മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പി സിക്കെതിരെ ചുമത്തിയിരിക്കുന്നത്.