ഉറങ്ങുന്നതിന് മുമ്പ് ഒരിക്കലും ഇവ കഴിക്കരുത്, ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെ
നല്ല ഉറക്കം ലഭിക്കുക അനുഗ്രഹമായാണ് കരുതുന്നത്. നിരവധി പേരാണ് മതിയായ ഉറക്കം കിട്ടാതെ വിഷമിക്കുന്നത്. എത്രമാത്രം ഉറക്കം വേണമെന്നത് ഒരോ വ്യക്തിയെയും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. നവജാത ശിശുക്കൾ ദിവസവും 16 മുതൽ 18 മണിക്കൂർ ഉറങ്ങുന്നുസ്കൂളിൽ പോകുന്ന കുട്ടികൾ 10 മണിക്കൂറും കൗമാരത്തിലുള്ളവർ 9-10 മണിക്കൂറും പ്രായപൂർത്തിയായവർ 7- 8 മണിക്കൂറും ഉറങ്ങേണ്ടതാണ്. മതിയായ ഉറക്കം ഊർജസ്വലയായിരിക്കാനും കുഞ്ഞുങ്ങളിൽ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും പഠനത്തിനും ആവശ്യമാണ്. അമിതവണ്ണം, വിഷാദം, ഹൃദ്രോഗം, പ്രമേഹം, അപകടങ്ങൾ എന്നിവയ്ക്ക് ഉറക്കക്കുറവ് കാരണമായേക്കാം. വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാനാകും? എല്ലാ ദിവസവും ഒരേ സമയത്തുതന്നെ കിടക്കുക. ഒരേ സമയത്ത് എഴുന്നേൽക്കുക. നിങ്ങളുടെ കിടപ്പുമുറി ശാന്തവും ഇരുട്ടുള്ളതും സ്വസ്ഥവുമായിരിക്കണം. കൂടാതെ, അധികം ചൂടോ തണുപ്പോ ഇല്ലാത്ത ഒരു അന്തരീക്ഷവും ആയിരിക്കണം. കിടന്നുകൊണ്ട് ടിവി കാണുകയോ മൊബൈലും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുകയോ ചെയ്യരുത്. നിങ്ങളുടെ കിടക്ക പരമാവധി സുഖപ്രദമാക്കുക. കാപ്പിയും കഫീൻ അടങ്ങിയ മറ്റ് ഭക്ഷണപദാർഥങ്ങളും അമിതഭക്ഷണവും മദ്യവും കിടക്കുന്നതിനുമുമ്പ് കഴിക്കാതിരിക്കുക. ഇതൊക്കെയൊന്ന് പരീക്ഷിച്ചുനോക്കൂ, ഉറക്കം നിങ്ങളോട് പിണങ്ങില്ല.