ലോറി നീക്കുന്നതിന്റെ പേരിൽ തർക്കം; പൊലീസ് ഉദ്യോഗസ്ഥന്റെ തല അടിച്ചുപൊട്ടിച്ച് യുവാക്കൾ
പത്തനംതിട്ട: വഴി തടസപ്പെടുത്തിയിട്ടിരുന്ന ലോറി മാറ്റുന്നതിനെ ചൊല്ലി തർക്കത്തിനിടെ പത്തനംതിട്ടയിൽ പൊലീസ് ഉദ്യോഗസ്ഥന് മർദ്ദനം. പെരുനാട് കിഴക്കെ മാമ്പാറയിൽ വെളളിയാഴ്ചയാണ് സംഭവമുണ്ടായത്. സീനിയർ സിപിഒ അനിൽകുമാറിനാണ് അടിയേറ്റത്. മണിയാറിലെ വീട്ടിലേക്ക് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന അനിലിന്റെ വാഹനത്തിന് കടന്നുപോകാൻ ലോറി തടസമുണ്ടായി. തുടർന്നുളള തർക്കത്തിനിടെ അത്തിക്കയം സ്വദേശികളായ സച്ചിൻ, അലക്സ് എന്നിവർ ചേർന്ന് അനിലിനെ മർദ്ദിക്കുകയായിരുന്നു. ഇവരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.ഇവർക്കെതിരെ വധശ്രമമടക്കം കേസ് ചുമത്തിയിട്ടുണ്ട്.വെളളിയാഴ്ച രാത്രി 10 മണിയോടെ കണ്ടംകുളത്ത് ലോറി റോഡിലിട്ട് ജെസിബി ഉപയോഗിച്ച് തടികയറ്റുകയായിരുന്നു പ്രതികൾ. ഈ സമയം ഇതുവഴിയെത്തിയ അനിൽ തനിക്ക് കടന്നുപോകാൻ വഴി നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് തർക്കുമുണ്ടാകുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ അനിലിനെ പൊലീസ് സ്ഥലത്തെത്തി ആദ്യം റാന്നിയില ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.