പി സി ജോർജിന് വീണ്ടും തിരിച്ചടി, വിദ്വേഷ പ്രസംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി
കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ പി.സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്.സർക്കാർ തനിക്കെതിരെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നീങ്ങുകയാണെന്നും ഇത് കളളക്കേസാണെന്നുമായിരുന്നു പി.സി ജോർജിന്റെ നിലപാട്. എന്നാൽ തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പി.സി ജോർജ് വീണ്ടും ആവർത്തിച്ചത് ഗൂഡലക്ഷ്യങ്ങളോടെയാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിൽ സപ്താഹയജ്ഞ പരിപാടിയിൽ ഒരു മതവിഭാഗത്തെ ആക്ഷേപിച്ച് പ്രകോപനപരമായി പ്രസംഗിച്ചെന്നാരോപിച്ചാണ് പി.സി ജോർജിനെതിരെ പൊലീസ് ജാമ്യമില്ലാവകുപ്പുചുമത്തി സ്വമേധയാ കേസെടുത്തത്.പ്രസംഗത്തിന്റെ ഓഡിയോയും ചിത്രങ്ങളും പൊലീസിന് ലഭിച്ചിരുന്നു. വിദ്വേഷപ്രസംഗം ശ്രദ്ധയിൽപ്പെട്ട ഉടൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ഐ.പി.സി 153 എ, 295 എ വകുപ്പുകൾ പ്രകാരം ജാമ്യമില്ലാക്കുറ്റം ചുമത്തി പാലാരിവട്ടം പൊലീസ് കേസെടുക്കുകയായിരുന്നു. സമുദായ സ്പർദ്ദയുണ്ടാക്കൽ, മനപ്പൂർവമായി മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പി.സിക്കെതിരെ ചുമത്തിയിരിക്കുന്നത്.