ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ല എന്നാൽ ബാലചന്ദ്രകുമാറിനെ അറിയാം; അന്വേഷണ സംഘത്തിന് മൊഴി നൽകി നെയ്യാറ്റിൻകര ബിഷപ്പ്
കൊച്ചി : ദിലീപ് പ്രതിയായ വധഗൂഢാലോചന കേസിൽ അന്വേഷണസംഘം നെയ്യാറ്റിൻകര ബിഷപ്പ് വിൻസന്റ് സാമുവലിന്റെ മൊഴിയെടുത്തു. ബാലചന്ദ്രകുമാറിനെ അറിയാമെന്നും എന്നാൽ ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്നുമാണ് ബിഷപ്പ് മൊഴി നൽകിയത്. കോട്ടയത്ത് അന്വേഷണ സംഘത്തിന് മുന്നിലാണ് ബിഷപ്പ് ഹാജരായത്.അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം ദിലീപ് ഫോണിലെ തെളിവുകൾ നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. തെളിവുകൾ നശിപ്പിക്കുന്നതിനായി ദിലീപിന്റെ അഭിഭാഷകൻ മുംബയിൽ പോയതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. മുംബയ് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും വിമാന ടിക്കറ്റും ലഭിച്ചിട്ടുണ്ട്. ദിലീപിന്റെ ഫോൺ മറ്റൊരാളുടെ ഐമാക്കുമായി ബന്ധിപ്പിച്ചതിനും തെളിവുണ്ട്. ഇതെല്ലാം തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടിയാണെന്നും ഫോണുകൾ ഹൈക്കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് ദിലീപ് വാട്സാപ്പ് ചാറ്റുകൾ നശിപ്പിച്ചുവെന്നും അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി.