കനത്ത മഴയും ഇടിമിന്നലും: ബിഹാറില്‍ മരണം 25 ആയി; ഡല്‍ഹിയില്‍ 11 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
ന്യുഡല്‍ഹി: അസമിലും കേരളത്തിലും ശക്തമായിരുന്ന മഴ മറ്റ് സംസ്ഥാനങ്ങളിലേക്കും. ബിഹാറില്‍ കഴിഞ്ഞ ദിവസമുണ്ടായ മഴയിലും ഇടിമിന്നലിലും 25 പേര് മരിച്ചതായി റിപ്പോര്‍ട്ട്. ഇടിമിന്നലിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഡല്‍ഹിയില്‍ 11 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സഞ്ചരിച്ച വിമാനവും മോശം കാലാവസ്ഥയെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടിരുന്നു.
ബിഹാറില്‍ പല ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുസാഫര്‍പുരില്‍ അഞ്ചു പേരും ഭഗല്പുരില് നാലും ലഖിസരായ്, സരണ്‍ എന്നിവിടങ്ങളില്‍ മൂന്ന് വീതവും മങ്കറില് രണ്ടും ജമുയി, പെഗുസരായ്, ബങ്ക, പുര്‍ണിയ, നളന്ദ, ജെഹനാബാദ്, അരാറിയ എന്നിവിടങ്ങളില്‍ ഓരോരുത്തര് വീതവും മരണമടഞ്ഞു. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.
ഡല്‍ഹിയില്‍ പലയിടത്തും ഇന്നലെ ഇടിമിന്നലോടു കൂടിയ മഴ രേഖപ്പെടുത്തി. പൊടിക്കാറ്റും ഒപ്പമുണ്ടായിരുന്നു. മയൂര്‍ വിഹാര്‍, പാലം, സഫ്ദര്‍ജംഗ് എന്നിവിടങ്ങളിലും മഴ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ 45 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയ മേഖലകളാണിവ. മഴയോടെ താപനില ഗണ്യമായി കുറഞ്ഞുവെന്ന ആശ്വാസവും ഡല്‍ഹി നിവാസികള്‍ക്കുണ്ട്.
ഡല്‍ഹിയില്‍ ഇറങ്ങേണ്ടിയിരുന്ന 11 വിമാനങ്ങള്‍ ഇടിമിന്നലിനെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടു. ലക്നൗ, ജയ്പൂര്‍ എന്നിവിടങ്ങളിലാണ് വിമാനമിറങ്ങിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് തുടങ്ങിയ മഴ വൈകിട്ട് വരെ തുടര്‍ന്നു.
Karnataka | A heavy downpour triggered severe waterlogging at various parts of the Uttara Kannada district yesterday, May 20. pic.twitter.com/u6CZTD9qiY
— ANI (@ANI) May 20, 2022
റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ഋഷികേശ്- യമുനോത്രി ദേശീയപാത വീണ്ടും അടച്ചു. മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടായതോടെയാണ് പാതയുടെ ഒരുഭാഗം അടച്ചത്. ബുധനാഴ്ചയുണ്ടായ കനത്ത മഴയെ തുടര്‍ന്ന് സയനഛത്തി, റാണാഛത്തി റോഡ് ഒലിച്ചുപോയിരുന്നു. ഇതേതുടര്‍ന്നാണ് ദേശീയപാത അടച്ചത്.
കനത്ത മഴ മൂലം കര്‍ണാടകയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉത്തര കന്നടയിലാണ് മഴ ഏറ്റവും ദുരിതം സമ്മാനിച്ചത്.
അസമില്‍ 29 ജില്ലകള്‍ പ്രളയത്തിന്റെ ദുരിതം അനുഭവിക്കുകയാണ്. 7,11,905 പേര് മഴക്കെടുതിയിലാണ്. നാല് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 14 ആയി. 86,772 പേര് ദുരിതാശ്വാസ ക്യാംപുകളിലാണ്. 343 ക്യാംപുകളാണ് തുറന്നിരിക്കുന്നത്. 411 ദുരിതാശ്വാസ കേന്ദ്രങ്ങളും തുറന്നതായി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.