ഗ്യാൻവാപി വിഷയവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ്; ഡൽഹി ഹിന്ദു കോളേജിലെ അസോസിയേറ്റ് പ്രൊഫസർ അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹി ഹിന്ദു കോളേജ് അസോസിയേറ്റ് പ്രൊഫസർ രത്തൻ ലാൽ അറസ്റ്റിൽ. ഗ്യാൻവാപി വിഷയത്തിൽ സോഷ്യൽ മീഡിയയിൽ അധിക്ഷേപകരമായ പോസ്റ്റിട്ടതിനാണ് നടപടി. ഇന്നലെ രാത്രിയാണ് രത്തൻ ലാലിനെ അറസ്റ്റ് ചെയ്തത്.
മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് രത്തൻ ലാലിനെതിരെ കേസെടുത്തത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകനായ വിനീത് ജിൻഡാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാത്രിയാണ് ലാലിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത്.
അപകീർത്തികരവും പ്രകോപനപരവുമായ പോസ്റ്റ് അടുത്തിടെ ലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നുവെന്ന് വിനീത് ജിൻഡാൽ തന്റെ പരാതിയിൽ പറഞ്ഞു. പള്ളി സമുച്ചയത്തിൽ ശിവലിംഗം കണ്ടെത്തിയ സംഭവം വളരെ സെൻസിറ്റീവ് സ്വഭാവമുള്ളതാണെന്നും വിഷയം കോടതിയുടെ പരിഗണനയിലാണെന്നും അഭിഭാഷകൻ വ്യക്തമാക്കി.