ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സിലെ ആത്മഹത്യ; റെനീസ് വട്ടിപ്പലിശയ്ക്ക് വായ്പ നല്കുന്ന ആള്,
ആലപ്പുഴ: ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ ആത്മഹത്യ ചെയ്ത നജ്ലയുടെ ഭര്‍ത്താവ് റെനീസിന് വട്ടിപ്പലിശക്ക് വായ്പ നല്കുന്ന ബിസിനസ് ഉണ്ടായിരുന്നുവെന്ന് പൊലീസ്. ഇത് സംബന്ധിച്ച രേഖകളും പണവും റെനീസിന്റെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. നജ്ലയും കുഞ്ഞുങ്ങളും മരിച്ചതിന് പിന്നാലെ ഇതടങ്ങിയ ബാഗ് ബന്ധുവിന്റെ വീട്ടില്‍ റെനീസ് ഏല്‍പ്പിക്കുകയായിരുന്നു. നിരവധി ആധാരങ്ങളും ചെക്ക് ബുക്കുകളും ഒരു ലക്ഷത്തിനടത്ത് നോട്ടുകളും ബാഗിലുണ്ട്. വട്ടിപ്പലിശക്ക് വായ്പ കൊടുക്കുന്നതിനായാണ് നജ്ലയെ കൂടുതല്‍ സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വട്ടിപ്പലിശ ബിസിനസ് നടത്തിയതിനും റെനീസിനെതിരെ കേസെടുക്കും. റെനീസിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. ഇതോടൊപ്പം വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ കുറ്റങ്ങൾ ചുമത്തി റെനീസിനെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലാണ്.
ഫോൺ നൽകില്ല, നജ്ലയെ വീട്ടിൽ പൂട്ടിയിടും,സ്ത്രീധനപീഡനം; പൊലീസ് ക്വാട്ടേഴ്സ് മരണങ്ങളില്‍ ഭർത്താവിനെതിരെ റിപ്പോര്‍ട്ട്
പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത കേസിൽ ഭര്‍ത്താവായ പൊലീസ് ഉദ്യോഗസ്ഥന് റെനീസിനെതിരെ ഗുരുതര കണ്ടെത്തലുകൾ. റെനീസിന്റെ പീഡനങ്ങളാണ് കൊലപാതകങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് കണ്ടെത്തൽ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്ലയെ റെനീസ് നിരന്തരം പീഡിപ്പിച്ചിരുന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് റിമാൻഡ് റിപ്പോര്‍ട്ടിലുള്ളത്. വിവാഹ സമയത്ത് 40 പവനും 10 ലക്ഷം രൂപയും പള്‍സര്‍ ബൈക്കും സ്ത്രീധനമായി നജ്ലയുടെ വീട്ടുകാർ നല്‍കിയിരുന്നു. എന്നാൽ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്ലയെ പല തവണ റെനീസ് വീട്ടിലേക്ക് തിരിച്ചയച്ചു. ഇതോടെ പലപ്പോഴായി 20 ലക്ഷം രൂപ വീണ്ടും കൊടുത്തുവെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.
നജ്ലയെ സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ റെനീസ് അനുവദിച്ചിരുന്നില്ല. ഇയാൾ പുറത്ത് പോകുമ്പോള്‍ നജ്ലയെ മുറിയില്‍ പൂട്ടിയിടുമായിരുന്നു. പുറം ലോകവുമായി ബന്ധപ്പെടാന്‍ നജ്ലയെ അനുവദിച്ചില്ല. പല സ്ത്രീകളുമായും റെനീസിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. ബന്ധുവായ ഒരു സ്ത്രീയെ കല്ല്യാണം കഴിക്കുന്നതിനായി നജ്ലയെ റെനീസ് നിരന്തരം സമ്മര്‍ദ്ദം ചെലുത്തി. റെനീസിന്റ മാനസിക ശാരിര പീഡനങ്ങളാണ് നജ്ലയെ ആത്മഹത്യയിലേക്കെത്തിച്ചതെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.