കൊച്ചി പുറംകടലില്‍ വന്‍ മയക്കുമരുന്നുവേട്ട , 1,526 കോടിയുടെ 218 കിലോ ഹെറോയിന്‍ പിടിച്ചു
കൊച്ചി: കൊച്ചിയുടെ പുറംകടലില്‍ രണ്ടു ബോട്ടുകളില്‍നിന്നായി 1,526 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി. പ്രിന്‍സ്, ലിറ്റില്‍ ജീസസ് ബോട്ടുകളില്‍ നിന്നാണ് 218 കിലോ ഹെറോയിന്‍ കണ്ടെത്തിയത്. തീരരക്ഷാ സേനയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും (ഡി.ആര്.ഐ.) ചേര്‍ന്നു നടത്തിയ “ഓപ്പറേഷന് ഖോജ്ബീന്‍” തെരച്ചിലാണു വിജയം കണ്ടത്.
ഒരു കിലോഗ്രാം വീതമുള്ള 218 പായ്ക്കറ്റുകളിലായി ബോട്ടുകളുടെ പ്രത്യേക അറയിലാണു ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്. ബോട്ടിലുണ്ടായിരുന്ന ശ്രീലങ്കക്കാരും തമിഴ്നാട്ടുകാരുമായ 20 പേരെ കസ്റ്റഡയിലെടുത്തു. ഇവരെ കൊച്ചിയിലെത്തിച്ചു വിശദമായി ചോദ്യംചെയ്യുകയാണ്. പുറംകടലില്‍ വച്ചാണു ഹെറോയിന്‍ ലഭിച്ചതെന്നും അതു ബോട്ടില്‍ ഒളിപ്പിക്കുകയായിരുന്നുവെന്നുമാണ് ഇവരുടെ പ്രാഥമിക മൊഴി.
അടുത്തിടെ കേരള തീരത്തിനു സമീപം നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്. രഹസ്യ വിവരത്തെത്തുടര്‍ന്ന്, തീരരക്ഷാ സേനയുടെ സുജിത്ത് എന്ന കപ്പലിലാണ് തീരരക്ഷാ സേനയുടെയും ഡി.ആര്.ഐയുടെയും ഉദ്യോഗസ്ഥര്‍ തെരച്ചിലിനിറങ്ങിയത്. കഴിഞ്ഞ 18 മുതല്‍ ബോട്ടുകളെ നിരീക്ഷിച്ചുവരികയായിരുന്നു.
ഉയര്‍ന്ന നിലവാരത്തിലുള്ള ഹെറോയിനു രാജ്യാന്തര വിപണിയില്‍ 1,526 കോടി രൂപ വില വരുമെന്നു ഡി.ആര്.ഐ. അറിയിച്ചു.
ഒരു മാസത്തിനിടെ ഡി.ആര്.ഐ. നടത്തുന്ന നാലാമത്തെ വലിയ മയക്കുമരുന്നു വേട്ടയാണിത്. ജിപ്സം പൗഡറെന്ന വ്യാജേന കടത്താന്‍ ശ്രമിച്ച 205.6 കിലോ ഹെറോയിന്‍ കഴിഞ്ഞ മാസം 20-നു ഗുജറാത്ത് കണ്ട്ല തുറമുഖത്തു പിടികൂടിയിരുന്നു.
2021 ഏപ്രില്‍ 19-ന് അറബിക്കടലില്‍ 3000 കോടിയുടെ മയക്കുമരുന്നുമായി മത്സ്യബന്ധന ബോട്ട് പിടികൂടിയിരുന്നു. നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ്. സുവര്‍ണയുടെ സഹായത്തോടെയായിരുന്നു അന്നത്തെ മയക്കുമരുന്നുവേട്ട.