പ്രവാസിയുടെ ദുരൂഹ മരണം; ഏഴ് പേർ കസ്റ്റഡിയിൽ
മലപ്പുറം: വിദേശത്ത് നിന്ന് നെടുമ്പാശ്ശേരിയിലെത്തി വീട്ടിലേക്ക് മടങ്ങവേ മർദനമേറ്റ പ്രവാസി മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. അട്ടപ്പാടി അഗളി സ്വദേശി അബ്ദുൾ ജലീലാണ് മരിച്ചത്. കേസിൽ ഏഴു പേരെ കസ്റ്റഡിയിലെടുത്തു.
അബ്ദുൾ ജലീലിനെ ആശുപത്രിയിലാക്കിയ ശേഷം മുങ്ങിയ മേലാറ്റൂര്‍ ആക്കപ്പറമ്പ് സ്വദേശി യഹിയയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. ഇയാളാണ് കേസിലെ മുഖ്യസൂത്രധാരൻ എന്നാണ് പൊലീസ് സംശയിക്കുന്നത്.
സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജലീൽ ഇന്നലെയാണ് മരിച്ചത്.
ഈ മാസം പതിനഞ്ചിനാണ് ജലീൽ ജിദ്ദയിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയത്. സുഹൃത്തിനൊപ്പമാണെന്ന് കുടുംബത്തെ അറിയിച്ചു. പിന്നീട് വിവരമൊന്നുമില്ലാതായി. ഇതോടെ ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. നാലു ദിവസത്തിന് ശേഷം ഗുരുതര പരിക്കുകളോടെ ജലീലിനെ ഒരാൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യാഹിയയാണ് ആശുപത്രിയിലെത്തിച്ചതെന്ന് തിരിച്ചറിഞ്ഞത്.