വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കി
കൊച്ചി: യുവനടിയെ ബലാത്സംഗ ചെയ്ത കേസിലെ പ്രതിയായ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കി. കൊച്ചി പൊലീസിന്റെ അപേക്ഷയിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി. ഇന്റർപോൾ വഴി നടൻ കടക്കാൻ സാദ്ധ്യതയുള്ള രാജ്യങ്ങൾക്ക് വിവരം കൈമാറും.
പാസ്പോർട്ട് റദ്ദാക്കിയതോടെ വിജയ് ബാബുവിന്റെ വിസയും റദ്ദാകുമെന്നും ഇനി ദുബായിൽ തുടരുന്നത് നിയമവിരുദ്ധമാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു പറഞ്ഞു. ഈ സാഹചര്യത്തിൽ നടനെ യു എ ഇ പൊലീസ് പിടികൂടി നാട്ടിലേക്ക് അയക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചു.
അതേസമയം, കേസുകളിൽ പ്രതികളായവരെ കൈമാറ്റം ചെയ്യാനുള്ള കരാർ ഇല്ലാത്ത മറ്റൊരു രാജ്യത്തേക്ക് വിജയ് ബാബു കടന്നതായി റിപ്പോർട്ടുകളുണ്ട്. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതുവരെ ദുബായിൽ തന്നെ തുടരാനായിരുന്നു വിജയ് ബാബുവിന് ലഭിച്ച നിയമോപദേശം. മുൻകൂർ ജാമ്യാപേക്ഷ ഈ മാസം പതിനെട്ടിനായിരുന്നു പരിഗണിക്കേണ്ടിയിരുന്നതെങ്കിലും ഹൈക്കോടതി ഇത് മാറ്റിവച്ചിരുന്നു.
സിനിമയിൽ അവസരങ്ങൾ വാഗ്ദ്ധാനം ചെയ്ത് നിരവധി തവണ വിജയ് ബാബു ബലാത്സംഗം ചെയ്തെന്നാരോപിച്ച് ഏപ്രിൽ 22നാണ് യുവനടി പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള ദിവസങ്ങളിൽ അഞ്ച് സ്ഥലത്ത് തന്നെ കൊണ്ടുപോയി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പരാതിയിലുള്ളത്.