ഉത്തര്‍പ്രദേശ് :ഉത്തര്‍പ്രദേശിലെ അയോധ്യ നഗരത്തില്‍ ഭീകരവാദ സംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്റ്സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അയോധ്യയിലെ സുരക്ഷ ശക്തമാക്കി. അയോധ്യയിലെ വിവിധയിടങ്ങളില്‍ പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹര്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് ഇന്റലിജന്റ്സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സോഷ്യല്‍മീഡിയയായ ടെലഗ്രാമിലൂടെയാണ് മസൂദ് അസ്ഹര്‍ ആക്രമണ സന്ദേശം നല്‍കിയത്. ഇന്ത്യന്‍ മണ്ണില്‍ ഞെട്ടിപ്പിക്കുന്ന ആക്രമണം നടത്തണമെന്നാണ് പറയുന്നത്. കഴിഞ്ഞ മാസം നേപ്പാള്‍ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് ഏഴോളം ഭീകരര്‍ നുഴഞ്ഞു കയറിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍, അയോധ്യ എന്നിവിടങ്ങളില്‍ ഭീകരര്‍ എത്തിയിട്ടുണ്ടെന്നുമാണ് നിഗമനം.
ഏഴുപേരില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അബു ഹംസ, മുഹമ്മദ് യാക്കൂബ്, നിസാര്‍ അഹമദ്, മുഹമ്മദ് ഷഹ്ബാസ്, മുഹമ്മദ് ഖ്വാമി ചൗധരി എന്നിവരാണ് ഇന്ത്യയിലെത്തിയത്. എന്നാല്‍ ഇതുവരെ ഇവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇവരുടെ കൈയില്‍ വലിയ ആയുധശേഖരമുണ്ടെന്നും പറയുന്നു. അയോധ്യയിലെ ബാബ്രി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിന് ശേഷം അയോധ്യ ഭീകരവാദികളുടെ ലക്ഷ്യമാണെന്ന് ഇന്റിലിജന്റ്സ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാല് മാസത്തിനുള്ളില്‍ അയോധ്യയില്‍ അംബരചുംബിയായ ക്ഷേത്രം നിര്‍മിക്കുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു.