കാലവര്‍ഷം കാസർകോട് ദുരന്ത നിവാരണത്തിന് മുന്നൊരുക്കങ്ങളായി
കാസർകോട് :ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഫലപ്രദമായ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു. ഫയര്‍ ഫോഴ്സ്, പൊലീസ്, ഫോറസ്റ്റ് തുടങ്ങിയ വിഭാഗങ്ങള്‍ ഉപകരണങ്ങളും മറ്റും കരുതി സജ്ജമായിരിക്കാന്‍ നിര്‍ദ്ദേശം നല്കി. റോഡില്‍ അപകടമുയര്‍ത്തുന്ന മരങ്ങള്‍ നീക്കം ചെയ്യാന്‍ പഞ്ചായത്ത്, വനം, റവന്യൂ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്കി.
നിലവില്‍ നീലേശ്വരത്താണ് ഫീഷറീസിന് ഒരു രക്ഷാ ബോട്ടുള്ളത്. ഓറഞ്ച് ബുക്കിലെ നിര്‍ദ്ദേശാനുസരണം ജില്ല കളക്ടര്‍ കാസര്‍കോടേക്ക് ഒരു രക്ഷാ ബോട്ട് വാടകയ്ക്ക് എടുത്ത് പ്രവര്‍ത്തിപ്പിക്കാന്‍ ഫിഷറീസ് വകുപ്പിന് നിര്‍ദ്ദേശം നല്കി.
വിദഗ്ധ തൊഴിലാളികളെയും സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരെയും ഒരുക്കി നിര്‍ത്താന്‍ നിര്‍ദ്ദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം തുറക്കാന്‍ നിര്‍ദ്ദേശിച്ചു. റവന്യൂ, പഞ്ചായത്ത് വകുപ്പുകള്‍ക്ക് പുനരധിവാസ ക്യാമ്പുകള്‍ സജ്ജീകരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാന്‍ തയ്യാറാക്കണം.
എല്ലാ വകുപ്പുകള്‍ക്കും മഴക്കാല പൂര്‍വ്വ ശുചീകരണം നടത്താന്‍ നിര്‍ദ്ദേശം നല്കി. സിവില്‍ സ്റ്റേഷനില്‍ ഒരു ദിവസം സമ്പൂര്‍ണ്ണ ശുചീകരണം നടത്തും. കടല്‍ക്ഷോഭം തടയാന്‍ കണ്ട്രോള് റൂം തുറക്കാന്‍ ഫിഷറീസ് വകുപ്പിന് നിര്‍ദ്ദേശം നല്കി. പുഴ പുറം പോക്ക് പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ വില്ലേജ് ഓഫീസര്‍ക്കും പഞ്ചായത്ത് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്കി. പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാനും ജലജന്യ രോഗങ്ങള്‍ തടയാനും ആരോഗ്യ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചുവെന്ന് ഡി.എം.ഒ അറിയിച്ചു. എലിപ്പനി പോലുള്ള രോഗങ്ങള്‍ തടയാനായി ആരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്സി കോര്‍ണര്‍ സജ്ജീകരിക്കും.
റോഡുകളിലെ വെള്ളക്കെട്ടും നിര്‍മ്മാണ പ്രവൃത്തികളും പൊതുജനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് നിര്‍ദ്ദേശിച്ചു. വൈദ്യുതി തടസ്സം നേരിട്ടാല്‍ ഉടന്‍ പരിഹരിക്കുന്നതിനായി കെ.എസ്.ഇ.ബി കണ്‍ട്രോള്‍റൂം ക്യുക്ക് റസ്പോണ്‍സ് ടീം തുറന്നു. കൃഷി, മൃഗ സംരക്ഷണ വകുപ്പുകളോട് മഴക്കെടുതി നേരിടാന്‍ സജ്ജമായിരിക്കണമെന്ന് നിര്‍ദ്ദേശം നല്കി. എല്ലാ വകുപ്പുകളിലും ഒരു നോഡല്‍ ഓഫീസറെ നിയമിച്ച് മെയ് 30നുള്ളില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് നമ്പറുകള്‍ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു. ജില്ലയില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസില്‍ കണ്ട്രോള് റൂം തുറന്നിട്ടുണ്ടെന്നും മണ്‍സൂണ്‍ പ്രശ്നങ്ങള്‍ നേരിടാന്‍ പൊലീസ് സജ്ജമാണെന്നും ജില്ലാ പൊലീസ് അറിയിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അംഗണവാടി കെട്ടിടങ്ങളുടെയും ബലക്ഷമത ഉറപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ വകുപ്പിനും നിര്‍ദ്ദേശം നല്കി. പുഴകളിലെയും തോടുകളിലെയും മാലിന്യങ്ങള്‍ തൊഴിലുറപ്പ് പ്രവര്‍ത്തകരുടെ സഹകരണത്തോടെ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ എം.ഡി.എം എ.കെ രമേന്ദ്രന്‍, ഡി.ഡി.പി ജെയ്സണ്‍മാത്യു, ശുചിത്വ മിഷന് കോ-ഓഡിനേറ്റര്‍ എ. ലക്ഷ്മി, ഡി.വൈ.എസ്.പി പി.കെ സുധാകരന്, വിവിധ വകുപ്പ് മേധാവികള്‍, തഹസില്‍ദാര്‍മാര്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.