ഹോട്ടൽമുറിയിൽ വീട്ടമ്മയെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു; കൊല്ലപ്പെട്ടത് ആറ് വയസുള്ള കുട്ടിയുടെ മാതാവ്
തൃശൂർ: ഹോട്ടൽമുറിയിൽ യുവാവിനെയും യുവതിയേയും മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് മേലാർകോട് കൊട്ടേക്കാട് സ്വദേശി ഉറവക്കൊട്ടിൽ ഗിരിദാസ്(39), തൃശൂർ കല്ലൂർ പാലയ്ക്കപ്പറമ്പ അത്താണിക്കുഴി വീട്ടിൽ രേഷ്മ(31) എന്നിവരാണ് മരിച്ചത്.രേഷ്മയെ കൊലപ്പെടുത്തിയ ശേഷം ഗിരിദാസ് ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. മദ്യം കഴിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് സൂചന. ഗിരിദാസിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. യുവതിയുടെ വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗിരിദാസ്.ഭർത്താവുമായി അകന്നുകഴിയുന്ന യുവതിക്ക് ആറ് വയസുള്ള ഒരു കുട്ടിയുണ്ട്. രേഷ്മ ബന്ധത്തിൽ നിന്ന് പിന്മാറുമോ എന്ന് യുവാവിന് സംശയമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ചയാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. ഇന്നലെ രാവിലെ മുതൽ മുറി അടഞ്ഞുകിടക്കുന്നതിൽ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ വൈകിട്ട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.