ഒടുവിൽ പ്രണയ സാഫല്യം, നിക്കി ഗൽറാണിയും ആദിയും വിവാഹിതരായി; മെഹന്ദി ചടങ്ങിൽ പങ്കെടുത്ത് പ്രിയ താരങ്ങൾ
നടി നിക്കി ഗൽറാണിയും നടൻ ആദി പിനിഷെട്ടിയും വിവാഹിതരായി. ചെന്നൈയിൽവച്ച് നടന്ന ചടങ്ങളിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം.
വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മെഹന്ദി ചടങ്ങിൽ “ആലുമാ ഡോലുമ” എന്ന ഗാനത്തിന് ആദിയുടെ അടുത്ത സുഹൃത്തുക്കളും നടന്മാരുമായ നാനിയും സന്ദീപ് കിഷനും നൃത്തം ചെയ്യുന്നത് വീഡിയോയിലുണ്ട്. വൈകുന്നേരം നടന്ന പാർട്ടിയിൽ അഭിനേതാക്കളായ ആര്യയും ഭാര്യ സയേഷയും പങ്കെടുത്തു.
നിക്കിയും ആദിയും ദീർഘനാളുകളായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ മാർച്ചിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. 2014ൽ പുറത്തിറങ്ങിയ ‘1983’ എന്ന മലയാള ചിത്രത്തിലൂടെയാണ് നിക്കി അഭിനയരംഗത്തേക്ക് കടന്നുവന്നത്. വെള്ളിമൂങ്ങ, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, ഇവന് മര്യാദരാമന്, രുദ്ര സിംഹാസനം, രാജമ്മ അറ്റ് യാഹൂ, ധമാക്ക എന്നീ മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.
2006 ൽ തേജ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് ആദി അഭിനയരംഗത്തേക്ക് എത്തിയത്. ലിംഗുസ്വാമിയുടെ ദ്വിഭാഷാ ചിത്രം വാരിയറിന്റെ തിരക്കിലാണ് താരമിപ്പോൾ.