ഗുജറാത്തിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന ഏഴ് ലക്ഷത്തോളം രൂപ വിലവരുന്ന ഒരു ലോഡ് വ്യാജ ഹാർപിക് പിടികൂടി
കുന്നംകുളം: ഗുജറാത്തിൽ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുപോവുകയായിരുന്ന ഏഴു ലക്ഷം രൂപയോളം വിലവരുന്ന വ്യാജ ഹാർപിക് പൊലീസ് പിടികൂടി. കുന്നംകുളം അഡീഷണൽ എസ്.ഐ ഷക്കീർ അഹമ്മദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വ്യാജ ഹാർപിക്കുമായി പോവുകയായിരുന്ന ലോറി പിടിച്ചെടുത്തത്. ചില്ലറ വിൽപ്പനക്കാരനായ സ്വകാര്യവ്യക്തി തന്റെ സ്ഥാപനത്തിലേക്ക് എട്ടുബോക്സ് ഹാർപിക് ഇറക്കിയിരുന്നു. എന്നാൽ ഈ ഹാർപിക് ഉപയോഗിക്കുമ്പോൾ ടോയ്ലറ്റുകളിൽ കറുപ്പ് നിറം വരുന്നുണ്ടെന്ന് പരാതി വ്യാപകമായതോടെയാണ് ഇയാൾ വീട്ടിലെ ടോയ്ലറ്റിൽ പുതിയതായി ഇറക്കിയ ഹാർപിക് ഉപയോഗിച്ചു നോക്കിയത് . തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഹർപ്പിക്കാണ് വ്യാപാര സ്ഥാപനത്തിൽ വിതരണം ചെയ്തതെന്ന് മനസിലാക്കിയത്.
സംഭവം കുന്നംകുളം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് ഗുജറാത്തിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന ഏഴ് ലക്ഷത്തോളം രൂപ വിലവരുന്ന ഒരു ലോഡ് വ്യാജ ഹാർപിക് പിടികൂടിയത്. പിന്നീട് ഹാർപികിലെ ഉദ്യോഗസ്ഥരെത്തി സാധനം വ്യാജമാണെന്ന് സ്ഥിരീകരിച്ചു. എന്നാൽ സ്ഥാപനത്തിന്റെ ലീഗിൽ വിഭാഗം ഇതുമായി ബന്ധപ്പെട്ട നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സീനിയർ സിവിൽ പൊലീസ് ഓഫീസർ വിൻസെന്റ്, സിവിൽ പൊലീസ് ഓഫീസർമാരായ ഹംദ്, സന്ദീപ്, ജോൺസൺ, മനു എന്നിവരടങ്ങുന്ന സംഘമാണ് വ്യാജ ഹർപ്പിക്കുമായി എത്തിയ വാഹനം പിടികൂടിയത്.