ഹൈദരാബാദ്: ഇന്ത്യയിലെ 130 കോടി ജനങ്ങളും ആര്‍എസ്എസിന് ഹിന്ദുസമൂഹമാണെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. ഹൈദരാബാദില്‍ സംഘടിപ്പിച്ച മൂന്നു ദിവസത്തെ ആര്‍എസ്എസ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആര്‍എസ്എസ് ആരെയെങ്കിലും ഹിന്ദു എന്ന് വിളിക്കുകയാണെങ്കില്‍ അവര്‍ ഇന്ത്യയെ മാതൃരാജ്യമായി കണ്ട് സ്നേഹിക്കുന്നവരാകും. ഏത് ഭാഷ സംസാരിക്കുന്നവരാണെങ്കിലും ഏത് മതവിശ്വാസം പിന്തുടരുന്നവരാണെങ്കിലും ആരാധന നടത്തുന്നവരാണെങ്കിലും, അല്ലെങ്കിലും ഇന്ത്യയുടെ മക്കള്‍ ഹിന്ദുക്കളാണ്’- മോഹന്‍ ഭാഗവത് പറഞ്ഞു.
സംഘത്തെ സംബന്ധിച്ച് 130 കോടി ഇന്ത്യക്കാരും ഹിന്ദുസമൂഹമാണ്. ആര്‍എസ്എസ് എല്ലാവരെയും സ്വന്തമായാണ് കാണുന്നത്. അവരുടെ പുരോഗതിയാണ് ആഗ്രഹിക്കുന്നത്. എല്ലാവരെയും ഒരുമിപ്പിക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യമെന്നും രാജ്യത്ത് മാറ്റങ്ങള്‍ ഉണ്ടാക്കുന്നത് രാഷ്ട്രീയമല്ലെന്നും ജനങ്ങളാണ് ഇത് സാധ്യമാക്കുന്നതെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.