മയക്കുമരുന്ന് കിട്ടാൻ പണം മാത്രം കൈയിലുണ്ടായിട്ട് കാര്യമില്ല, അദ്ധ്യാപകരായ അമൃതയും അഭിമന്യുവും രാസലഹരി നൽകിയിരുന്നത് വിദ്യാർത്ഥികൾക്കും ടെക്കികൾക്കും മാത്രം
തൃക്കാക്കര: ഇൻഫോപാർക്ക് പ്രദേശത്ത് വിദ്യാർത്ഥികളും ടെക്കികളും ഉൾപ്പടെയുള്ളവർക്ക് രാസലഹരി വിറ്റിരുന്ന കായിക അദ്ധ്യാപികയായ യുവതി ഉൾപ്പെട്ട മൂന്നംഗ സംഘം പൊലീസ് പിടിയിലായി. പെരിന്തൽമണ്ണ കാപ്പിൽ വീട്ടിൽ സനിൽ(27), തിരുവല്ല സ്വദേശിയും കായിക അദ്ധ്യാപകനുമായ അഭിമന്യു (27), തിരുവനന്തപുരം മുട്ടത്തറ ശിവശക്തി വീട്ടിൽ അമൃത (24) എന്നിവരെ ഇൻഫോപാർക്ക് പൊലീസും ഡാൻസാഫും ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഏറെ വിശ്വാസമുണ്ടായിരുന്നവർക്ക് മാത്രമാണ് ഇവർ ലഹരി വിറ്റിരുന്നത്. കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിക്കാട്ട്മൂലയിലെ ഫ്ലാറ്റിൽ നിന്ന് ഇന്നലെ വൈകിട്ടാണ് ഇവരെ പിടികൂടിയത്. 20 ഗ്രാം എം.ഡി.എം എ പിടികൂടി.ബംഗളൂരുവിൽ നിന്നാണ് ഇവർ മയക്കുമരുന്ന് എത്തിച്ചിരുന്നത്. .ഇവരുടെ ഇടപാടുകളെക്കുറിച്ചു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും ദിവസങ്ങളായി ലഹരി സംഘം നിരീക്ഷണത്തിലായിരുന്നു. പ്രതികൾ ഫോണുകളും സിംകാർഡുകളും മാറി മാറി ഉപയോഗിച്ചിരുന്നതാണ് പൊലീസിനെ ഏറെ വലച്ചത്. പല പ്രാവശ്യം പിടികൂടാൻ ശ്രമമുണ്ടായെങ്കിലും രക്ഷപ്പെട്ട സംഘത്തെ സാഹസികമായാണ് ഒടുവിൽ വലയിലാക്കിയത്.