കൂളിമാട് പാലം തകര്‍ന്ന സംഭവം: വിശദമായ പരിശോധന വേണമെന്ന് വിജിലൻസ് വിഭാഗം
കോഴിക്കോട്: കൂളിമാട് പാലം തകർന്ന സംഭവത്തിൽ വിശദമായ പരിശോധന വേണമെന്ന് വിജിലൻസ് വിഭാഗം. തകർന്ന ബീമുകൾക്ക് പകരം പുതിയത് സ്ഥാപിക്കേണ്ടിവരും. ഹൈഡ്രാളിക് ജാക്കിയുടെ പിഴവാണോ അപകട കാരണം എന്നത് പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ എന്നും പിഡബ്ല്യുഡി വിജിലൻസ് വിഭാഗം വ്യക്തമാക്കി.
കോഴിക്കോട് – മലപ്പുറം ജില്ലകളിലെ തമ്മിൽ ബന്ധിപ്പിക്കുന്ന കൂളിമാട് കടവ് പാലത്തിന്റെ മൂന്ന് പ്രധാന ബീമുകളാണ് കഴിഞ്ഞ ദിവസം തകർന്നു വീണത്. അടിയന്തിര അന്വേഷണത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിർദേശിച്ചതിന്റെ തൊട്ടു പുറകെയാണ് ആഭ്യന്തര അന്വേഷണ വിഭാഗം പരിശോധനക്കെത്തിയത്. തകർന്ന ബിമുകള്‍, പാലത്തിന്റെ ശേഷിക്കുന്ന ഭാഗം എന്നിവ വിജിലൻസ് സംഘം പരിശോധിച്ചു. നിർമാണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെത് ഉൾപ്പെടെ വിശദമൊഴി സംഘം രേഖപ്പെടുത്തും. പാലത്തിന് ഘടനാപരമായ പ്രശ്നങ്ങളോ നിർമാണത്തിൽ അപാകത ഉണ്ടോ എന്ന് തുടർ പരിശോധനകളിൽ വ്യക്തമാകും. വിവര ശേഖരണം നടത്തുന്നതിന്റെ ഭാഗമായി പരിസരവാസികളിൽ നിന്നുൾപ്പെടെ സംഘം വരും ദിവസങ്ങളിൽ മൊഴിയെടുക്കും. ഹൈഡ്രോളിക് ജക്കിക്ക് വന്ന പിഴവ് എന്നാണ് റോഡ് ഫണ്ട് ബോർഡ് നൽകിയ പ്രാഥമിക റിപ്പോർട്ട് എന്നാണ് സൂചന. ഇതുൾപ്പെടെ പരിഗണിച്ച ശേഷമാകും വിജിലൻസ് സംഘം അന്തിമ റിപ്പോർട്ട് നൽകുക.
കൂളിമാട് പാലത്തിന്റെ തകർച്ചയിൽ വെട്ടിലായി സർക്കാർ
കൂളിമാട് കടവ് പാലത്തിന്റെ തകര്‍ച്ചയാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക വേളയില്‍ പൊതുമരാമത്ത് വകുപ്പിനെ വെട്ടിലാക്കുന്നത്. അപകടത്തിന് പിന്നാലെ പ്രഖ്യാപിച്ച അന്വേഷണം സംബന്ധിച്ചും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. നിലവില്‍ ഒന്നിലേറെ പാലങ്ങള്‍ ഉളള പ്രദേശത്താണ് 25 കോടി രൂപ ചെലവിട്ട് പുതിയൊരു പാലം നിര്‍മിച്ചത് എന്നത് വകുപ്പിന്റെയും കിഫ്ബിയുടെയും കാര്യക്ഷമത സംബന്ധിച്ചും ചോദ്യങ്ങളുയര്‍ത്തുന്നു.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് കോഴിക്കോട്ട് നിര്‍മിക്കുന്ന പ്രധാന പദ്ധതികളിലൊന്നായിരുന്നു കൂളിമാട് പാലം. വാര്‍ഷിക വേളയില്‍ സര്‍ക്കാരിന്റെ വലിയ നേട്ടമായി അവതരിപ്പിക്കാനിരുന്ന പദ്ധതി. കൂളിമാട് കടവ് പാലത്തിന്റെ മൂന്ന് ബിമുകളില്‍ വന്ന തകര്‍ച്ച 25 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഈ പദ്ധതിയെക്കുറിച്ച് മാത്രമല്ല പൊതുമരാമത്ത് വകുപ്പിന്റെ ആകെ പ്രവര്‍ത്തനങ്ങളെക്കൂടിയാണ് സജീവ ചര്‍ച്ചയിലേക്കും സൂക്ഷ്മ നിരീക്ഷണത്തിലേക്കും കൊണ്ടുവരുന്നത്.
2019 മാര്‍ച്ച് മാസം നിര്‍മാണം തുടങ്ങിയ പദ്ധതി. കേരള റോഡ് ഫണ്ട് ബോര്‍ഡിനായിരുന്നു നിര്‍മാണച്ചുമതല. ഐഎസ്ഓ 9001 അംഗീകാരമുളള പ്രമുഖ കമ്പനിയും മുന്‍കൂര്‍ യോഗ്യതയുളള കരാറുകാരുമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസിറ്റിക്കാണ് കരാര്‍ കിട്ടിയത്. സര്‍ക്കാരിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും അഭിമാന പദ്ധതികളിലൊന്നായി അവതരിപ്പിക്കാനിരുന്ന ഈ പാലത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ എത്തിയിരുന്നത് റോഡ് ഫണ്ട് ബോര്‍ഡിന്റെയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥര്‍. ഇത്രയെല്ലാമായിട്ടും പാലത്തിന്റെ പ്രധാന മൂന്ന് ബീമുകളാണ് തകര്‍ന്ന് വീണത്. 25 ലക്ഷം രൂപ വീതം ചെലവിട്ട് നിര്‍മിച്ച ബീമുകളാണ് തകര്‍ന്നത്.