മലപ്പുറത്ത് കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം
മലപ്പുറം: കിണറ്റിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു. കൽപകഞ്ചേരി കാവപ്പുര പള്ളിയാൽ ഹിദായ നഗർ സ്വദേശി മണ്ണാറതൊടി ഹംസയുടെ മകൻ മുഹമ്മദ് ഷിബിലി യാഷിദ് (രണ്ട്) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. മുറ്റത്ത് നിൽക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലാണ് സമീപത്തെ കിണറ്റിൽ വീണതായി കണ്ടത്.
ഉടൻ നാട്ടുകാർ കിണറ്റിൽ ഇറങ്ങി രക്ഷാപ്രവർത്തനം നടത്താൻ ആദ്യം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് തിരൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഖദീജയാണ് മാതാവ്. സഹോദരി: ഫർസാന.