കാസർകോട് നഗര മധ്യത്തിലെ ഫാർമസിയിൽ മോഷണം; 13,500 രൂപ കവർന്നു
കാസർകോട്: നഗര മധ്യത്തിലെ ഫാർമസിയിൽ മോഷണം. 13,500 രൂപ കവർന്നു. എം ജി റോഡിൽ എൽ ഐ സി ഓഫീസിന് മുൻവശത്തുള്ള കാസർകോട് പബ്ലിക് സെർവന്റ്സ് കോ – ഓപറേറ്റിവ് സൊസൈറ്റിയുടെ കീഴിലുള്ള നീതി മെഡികൽ സ്റ്റോറിലാണ് ചൊവ്വാഴ്ച രാത്രി മോഷണം നടന്നത്.
കടയുടെ ഷടറിന്റെ താഴ് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയത്. ഇതുസംബന്ധിച്ച് സൊസൈറ്റി സെക്രടറി രാഘവൻ ബെള്ളിപ്പാടി കാസർകോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കടയിൽ സിസിടിവി ഇല്ലാത്തത് കാരണം സമീപത്തുള്ള സിസിടിവികൾ പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കും. പഴയ ബസ് സ്റ്റാൻഡിലേക്കുള്ള പാതയുടെ സമീപത്തും പൊലീസ് പട്രോളിംഗ് നടക്കുന്നതുമായ പ്രധാനപ്പെട്ട സ്ഥലത്ത് നടന്ന മോഷണം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.