നെറ്റ്ഫ്ലിക്സിന് സംഭവിക്കുന്നതെന്ത്? 150 ഓളം ജീവനക്കാരെ പിരിച്ചുവിട്ടു
ആഗോള ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് 150 ഓളം ജീവനക്കാരെ പിരിച്ചുവിട്ടു. സാമ്പത്തികമായി വലിയ നഷ്ടം നേരിട്ടതിനെ തുടർന്നാണ് നെറ്റ്ഫ്ലിക്സ് ജീവനക്കാരെ പിരിച്ച് വിട്ടത്. സെബാസ്റ്റ്യൻ ഗിബ്സ്, നെഗിൻ സൽമാസി തുടങ്ങിയ മികച്ച ക്രിയേറ്റീവ് പ്രൊഫഷണലുകളോട് അടക്കം കമ്പനി വിടാൻ നിർദേശമുണ്ടെന്നാണ് റിപ്പോർട്ട്. രണ്ട് ദശലക്ഷം വരിക്കാരുടെ കുറവ് പ്രവചിക്കപ്പെട്ടതിന്റെകൂടി പശ്ചാത്തലത്തിലാണ് നടപടി.
സബ്സ്ക്രിപ്ഷൻ വേണ്ട രീതിയിൽ ഉയരാത്തതിനാൽ നെറ്ഫ്ലിക്സിന്റെ വരുമാന വളർച്ച മന്ദഗതിയിലായിരുന്നു. പണമടച്ചുള്ള സബ്സ്ക്രിപ്ഷൻ കുറഞ്ഞത് നെറ്ഫ്ലിക്സിനെ പ്രതിസന്ധിയിലാക്കി. നിലവില്‍ കമ്പനിയിൽ ആകെ 11,000 ജീവനക്കാരാണുള്ളത്. യുഎസ് ആസ്ഥാനമായുള്ള ജീവനക്കാരെയാണ് കൂടുതലും പിരിച്ചുവിട്ടിരിക്കുന്നത്.
ഏകദേശം 222 ദശലക്ഷം കുടുംബങ്ങൾ നെറ്ഫ്ലിക്സ് വരിക്കാരായി ഉണ്ടെങ്കിലും പത്ത് കോടി കുടുംബങ്ങള്‍ പണം നല്‍കാതെയാണ് നെറ്റ്ഫ്ലിക്സ് സേവനം ഉപയോഗിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. പലരും കുടുംബാംഗങ്ങള്‍ അല്ലാത്തവര്‍ക്ക് പോലും സബ്സ്ക്രിപ്ഷന് പങ്കുവെക്കുന്നതും വളര്‍ച്ചയെ ബാധിക്കുന്നെന്ന് നെറ്റ്ഫ്ലിക്സ് വിലയിരുത്തുന്നു. ആപ്പിളും ഡിസ്നിയും പോലുള്ള സ്ട്രീമിങ് പ്ലാറ്റ്ഫോമുകളുമായി കടുത്ത മത്സരമാണ് നെറ്റ്ഫ്ലിക്സ് നടത്തുന്നത്.
പത്ത് വർഷത്തിനിടയിലെ വമ്പൻ തിരിച്ചടിയാണ് നെറ്റ്ഫ്ലിക്സ് നേരിടുന്നത്. ഈ വർഷം ആദ്യ പാദത്തിലെ കണക്കുകൾ പുറത്തുവന്നപ്പോൾ ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിനുള്ളിൽ നെറ്റ്ഫ്ളിക്സിന് 2,00,000 വരിക്കാരുടെ നഷ്ടമാണ് ഉണ്ടായത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോം നേരിടുന്ന ഏറ്റവും വലിയ തകർച്ചയാണ് ഇത്. വരിക്കാരുടെ എണ്ണം കുറഞ്ഞതായി കമ്പനി വെളിപ്പെടുത്തിയതിനെ തുടർന്ന് ഓഹരി വിപണിയിൽ നെറ്റ്ഫ്ലിക്സിന് ഓഹരി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്നു.
ഉക്രൈൻ റഷ്യ സംഘർഷത്തെ തുടർന്ന് റഷ്യയിലെ തങ്ങളുടെ സേവനം താൽക്കാലികമായി നിർത്തിവച്ചതാണ് തകർച്ചയുടെ ഒരു കാരണം എന്ന് നെറ്ഫ്ലിക്സ് വ്യക്തമാക്കിയിരുന്നു. റഷ്യയിൽ നിന്ന് പിന്മാറാനുള്ള നെറ്റ്ഫ്ളിക്സിന്റെ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ 7,00,000 വരിക്കാരുടെ കുറവാണ് നെറ്റ്ഫ്ളിക്സിന് ഉണ്ടായത്. സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്ലിക്സിന് ആദ്യമായാണ് ഇങ്ങനെയൊരു തിരിച്ചടി നേരിടേണ്ടി വരുന്നത്. ചൈനയിൽ തുടങ്ങി ആറ് വർഷം മുൻപ് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വളർന്ന നെറ്റ്ഫ്ലിക്സ് ഓഹരി വിപണിയിൽ പിന്നീട് നേരിട്ടത് കനത്ത തിരിച്ചടിയാണ്.
ആദ്യപാദത്തിൽ 1.6 ബില്യൺ ഡോളറിന്റെ അറ്റാദായം ആണ് നെറ്റ്ഫ്ലിക്സിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1.7 ബില്യൺ ഡോളറായിരുന്നു അറ്റാദായം. വരുമാന കണക്കുകൾ പുറത്തു വന്നതോട് കൂടി നെറ്റ്ഫ്ലിക്സ് ഓഹരികൾ 25 ശതമാനം ഇടിഞ്ഞിരുന്നു.