മാലിന്യത്തിനിടയിൽ നിന്നും എടുത്തിട്ടുവന്നത് എപ്പോൾ വേണമെങ്കിലും പൊട്ടിയേക്കാവുന്ന ബോംബ്!
പല രാജ്യങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലൊന്നാണ് യുദ്ധസമയത്തുപേക്ഷിച്ച പൊട്ടാതെ കിടക്കുന്ന സ്ഫോടകവസ്തുക്കൾ. അവ പലപ്പോഴും മണ്ണിൽ ഉപേക്ഷിക്കപ്പെട്ട് കിടക്കുകയായിരിക്കും. ഇപ്പോഴും ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കളാവും അവയിൽ പലതും. ഇവിടെ ക്നാരെസ്ബറോയിൽ നദിക്കരയിൽ മാലിന്യം പെറുക്കാൻ പോയ രണ്ടുപേരുടെ കയ്യിലും അറിയാതെ അങ്ങനെ ഒരു ബോംബ് വന്നുപെട്ടു. ഒന്നാംലോക മഹായുദ്ധകാലത്തേതാണ് ഇതെന്ന് കരുതുന്നു.
നദിക്കരയിലെ മാലിന്യങ്ങൾ പെറുക്കുന്നതിനിടെയാണ് അവർക്ക് ബോംബ് കിട്ടിയത്. പൊട്ടാത്ത ബോംബാണ് കയ്യിലുള്ളത് എന്നറിയാതെ വാഹനത്തിൽ അതുംകൊണ്ട് അവർ സഞ്ചരിച്ചത് അര മൈലിലധികം ദൂരമാണ്. കാറിന്റെ സീറ്റിലാണ് ബോംബ് വച്ചിരുന്നത്.
റേച്ചൽ വിൽസും സൈമൺ ബ്രിസ്കോമ്പും തിങ്കളാഴ്ച ക്നാരെസ്ബറോയിലെ നിഡ് നദിയിൽ നടത്തിയ ശുചീകരണത്തിനിടെയാണ് വസ്തു കണ്ടെത്തിയത്. ഗ്യാസ് കാനിസ്റ്റർ ആണെന്ന് അവർ കരുതിയിരുന്ന ഇത് പിന്നീടാണ് ഒരു സ്ഫോടകവസ്തുവാണെന്ന് അവർ മനസ്സിലാക്കുന്നത്. ഉടനെ ബോംബ് സ്ക്വാഡിനെ വിളിക്കുകയായിരുന്നു.
ബോംബ് നിർവീര്യമാക്കിയ ശേഷം റേച്ചൽ പറഞ്ഞത് ഭാഗ്യത്തിന് കുട്ടികൾ അത് കണ്ടില്ല എന്നാണ്. താനും സൈമണും എല്ലാ തിങ്കളാഴ്ചയും മാലിന്യം എടുത്തുമാറ്റുകയും ശുചീകരണപ്രവർത്തനങ്ങൾ നടത്താറുമുണ്ട് എന്നും റേച്ചൽ പറഞ്ഞു. ഇതുപോലെയുള്ള വിചിത്രമായ പല കാര്യങ്ങളും തങ്ങൾക്ക് അതിനിടയിൽ കിട്ടാറുണ്ട്. അതിൽ, 1989 -ലെ തയ്യൽ മെഷീൻ, ട്രോളി, പണം, ഷൂ ഒക്കെ പെടുന്നു. എന്നാൽ, എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിച്ചേക്കാവുന്ന ഒരു ബോംബ് കണ്ടെത്തി എന്നത് വിശ്വസിക്കാനാവുന്നില്ല. അത് തങ്ങളുടെ കാറിലാണ് വച്ചിരുന്നത്. ബംപുകളിലടക്കം കാർ സഞ്ചരിച്ചിട്ടുണ്ട്. അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിലായിരിക്കണം ബോംബ് തീരത്തെത്തിയിട്ടുണ്ടാവുക എന്നും റേച്ചൽ പറയുന്നു.
അതിന്റെ മുകളിലുള്ള മണ്ണും മറ്റും നീക്കിയപ്പോഴാണ് തങ്ങളെടുത്തുകൊണ്ട് വന്നിരിക്കുന്നത് ബോംബാണ് എന്ന് ഇവർക്ക് മനസിലാവുന്നത്. അതോടെയാണ് ബോംബ് സ്ക്വാഡിനെ വിളിക്കുന്നത്. ബോംബ് സ്ക്വാഡും പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയപ്പോഴേക്കും ഇവർ ബോംബിന്റെ ഫോട്ടോ എടുത്തു. പിന്നീട് അത് മണൽ ചാക്കിനുള്ളിൽ പൊതിഞ്ഞ് അവർക്കായി കാത്തുനിന്നു. ഭയത്തോടെയാണ് ആ കാത്തിരിപ്പ് നീണ്ടുപോയത് എന്ന് റേച്ചൽ പറയുന്നു. എമർജൻസി ക്രൂ എത്തിയപ്പോൾ, വീടും എസ്റ്റേറ്റിലെ മറ്റ് 30 ഓളം പേരെയും ഉടൻ തന്നെ ഒഴിപ്പിച്ചു. അടുത്തുള്ള റോഡും ക്ലോസ് ചെയ്തിരുന്നു. പിന്നീട്, വളരെ പെട്ടെന്ന് തന്നെ ബോംബ് നിർവീര്യമാക്കി.
ഏതായാലും കുറേനേരത്തേക്ക് ഇരുവർക്കും ആ ഷോക്കിൽ നിന്നും പുറത്ത് കടക്കാനായില്ല. ഇതെങ്ങാനും വല്ല കുട്ടികളും കണ്ട് വലിച്ചെറിഞ്ഞിരുന്നെങ്കിൽ എന്തായിരുന്നു അവസ്ഥ എന്നത് അവരെ ഇപ്പോഴും പേടിപ്പിക്കുന്നു.