നിർബന്ധിത മതപരിവർത്തനം; കളക്ട്രേറ്റിന് മുന്നിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് സ്ത്രീ
ചെന്നൈ: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് കളക്ട്രേറ്റിന് മുന്നിൽ സ്ത്രീ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്നാട്ടിലെ പച്ചേരി ഗ്രാമത്തിലെ വളർമതിയെന്ന സ്ത്രീയാണ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കളക്ട്രേറ്റിന് മുന്നിലുണ്ടായിരുന്ന പൊലീസുകാരും ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ തടഞ്ഞതോടെ അപകടം ഒഴിവാകുകയായിരുന്നു. കഴിഞ്ഞ മേയ് 15നാണ് സംഭവം നടന്നത്.ഹിന്ദുമത വിശ്വാസികളായ തന്നെയും കുടുംബത്തെയും ക്രിസ്തീയ മതത്തിലേക്ക് പരിവർത്തനം നടത്താൻ ഗ്രാമത്തിലെ ദേവ് ദാസ് എന്നയാളുടെ കുടുംബം ശ്രമിക്കുന്നുണ്ടെന്നും ഇത് നിരസിച്ചതിനാൽ 2019 മുതൽ ഇവർ തന്നെയും കുടുംബത്തെയും ഉപദ്രവിക്കുകയാണെന്നും സ്ത്രീ പറഞ്ഞു. ഗ്രാമത്തിൽ ഇത്തരത്തിൽ മതപരിവർത്തനം നടക്കുകയാണ്. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യാശ്രമം.’ദേവ് ദാസിന്റെ കുടുംബം ഞങ്ങളുടെ വീട്ടിലേക്കുള്ള വഴിയടച്ചു. എനിക്കെതിരെ കള്ളക്കേസ് കൊടുത്തു. ഒടുവിൽ ഞങ്ങൾ കോടതിയെ സമീപിക്കുകയും ഞങ്ങൾക്കനുകൂലമായി വിധി വരികയും ചെയ്തു. ഇതേത്തുടർന്ന് അവർ എന്നെ വണ്ടിയിടിച്ച് അപകടപ്പെടുത്താൻ നോക്കി. എന്റെ മകനെ എട്ട് പേർ ചേർന്ന് ക്രൂരമായി മർദിച്ചു. പിന്നാലെ ഞാൻ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇക്കാരണത്താലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്’- വളർമതി പറഞ്ഞു.എന്നാൽ കേസുമായി ബന്ധപ്പെട്ട് റവന്യൂ ഡിവിഷൻ ഓഫീസറും (ആർഡിഒ) ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടും (ഡിഎസ്പി) നടത്തിയ അന്വേഷണത്തിൽ പ്രശ്നം വസ്തുതർക്കവുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തി. ഗ്രാമത്തിൽ ഹിന്ദു കുടുംബങ്ങൾ താമസിക്കുന്നണ്ടെന്നും വ്യക്തമായി. പത്ത് വർഷമായി വളർമതിയുടെ കുടുംബവും ദേവ് ദാസിന്റെ കുടുംബവും തമ്മിൽ വസ്തുതർക്കമുണ്ടെന്നും ഇത് സംബന്ധിച്ച പരാതിയിൽ നടപടി സ്വീകരിക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.