കടുത്തുരുത്തിയിൽ ഓട്ടോ ഡ്രൈവറെ കുത്തിയ കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ
കടുത്തുരുത്തി: ഓട്ടോ ഡ്രൈവറെ കുത്തിപ്പരിക്കേൽപിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. കേസിലെ പ്രതികൾക്ക് ഒളിവിൽ കഴിയാൻ സഹായങ്ങൾ ചെയ്ത് കൊടുത്തവരാണ് പിടിയിലായത്. അതിരമ്പുഴ മനയ്ക്കപാടം കാവനായിൽ സിയാദ് നിസാർ (24), കാണക്കാരി മാവേലിനഗറിൽ വലിയതടത്തിൽ ഡെൽബിൻ ജോസഫ് (23), നീണ്ടൂർ പ്രാവട്ടം മങ്ങാട്ടുകുഴിയിൽ ശരത് ശശിമോൻ (23) എന്നിവരാണ് അറസ്റ്റിലായത്. ഈരാറ്റുപേട്ട ഇല്ലിക്കൽ കല്ലിന് സമീപത്തെ റിസോർട്ടിൽ ഒളിവിലായിരുന്ന ഇവർ പൊലീസ് എത്തിയതോടെ ഇവിടെനിന്ന് രക്ഷപ്പെട്ടിരുന്നു. ഇതിനിടെ ഇവർ ഏറ്റുമാനൂർ ഭാഗത്തെത്തിയെന്ന വിവരം പൊലീസിന് ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചലിലാണ് പ്രതികൾ പിടിയിലായത്. ചൊവ്വാഴ്ച രാവിലെയാണ് ഇവരെ കടുത്തുരുത്തി പൊലീസ് പിടികൂടിയത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ആറായി. ഇവരെ വൈക്കം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഞ്ചാവ്, അടിപിടി ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ് ആറുപേരുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ രണ്ടിന് രാത്രി 8.45ഓടെ കോതനല്ലൂർ ട്രാൻസ്ഫോർമർ ജങ്ഷന് സമീപമാണ് കേസിനാസ്പദമായ സംഭവം. കോതനല്ലൂർ പട്ടമന വീട്ടിൽ തങ്കച്ചനാണ് (മാത്യു -53) കുത്തേറ്റത്