വെള്ളക്കെട്ട്, മണ്ണിടിച്ചില്‍ പ്രശ്നപരിഹാരത്തിന് പ്രത്യേക ടീമിനെ നിയോഗിക്കും
കാസര്‍കോട് ജില്ലയില്‍ തുടരുന്ന ശക്തമായ മഴയില്‍ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ജോലികള്‍ നടക്കുന്ന പ്രദേശങ്ങളിലെ മണ്ണിടിച്ചില്‍, റോഡുകളില്‍ വെള്ള കെട്ട് രൂപപ്പെടുന്നത് , റോഡിന്റെ പരിസര പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടാകുന്നത് തുടങ്ങിയ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് റോഡ് നിര്‍മ്മാണ കമ്പനികളുടെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെ നിയോഗിക്കും. അടിയന്തര സാഹചര്യങ്ങളില്‍ ഉടന്‍ ഇടപെടുകയും പ്രശ്നപരിഹാരമുണ്ടാക്കുകയും ചെയ്യും. എഡിഎം എ കെ രമേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങള്‍ തഹസില്‍ദാര്‍, പഞ്ചായത്ത് പ്രസിഡണ്ട് ,ദേശീയ പാത നിര്‍മാണ ചുമതലയുള്ള കമ്പനിയുടെ പ്രതിനിധികള്‍ എന്നിവര്‍ സംയുക്തമായി പരിശോധിച്ച് പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനും തീരുമാനിച്ചു. പൊതുജനങ്ങള്‍ക്ക് കളക്ടറേറ്റിലും താലൂക്കുകളിലും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകളില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയിക്കാവുന്നതാണ്. മയിച്ച, പുല്ലൂര്‍, പെരിയ, അരിക്കാടി, കാസര്‍കോട് ടൗണ്‍, ഹൊസങ്കടി എന്നിവിടങ്ങളില്‍ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ട്. തലപ്പാടി- ചെങ്കള, ചെങ്കള – മാവുങ്കാല്‍, മാവുങ്കാല്‍ – കാലിക്കടവ് മേഖലകളില്‍ ദ്രുതകര്‍മ ടീമിനെ നിയോഗിച്ചിട്ടുണ്ട്. ആവശ്യത്തിന് യന്ത്രോപകരണങ്ങള്‍ ലഭ്യമാക്കി വെള്ളക്കെട്ട് നിയന്ത്രിക്കും. പൊതു ജനങ്ങളെ ബാധിക്കാത്ത വിധം വെള്ള കെട്ട് ഒഴിവാക്കുന്നതിനും മണ്ണിടിച്ചില്‍ തടയുന്നതിനും നിര്‍ദ്ദേശം നല്കി. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് യോഗം ചേര്‍ന്നത് തഹസില്‍ദാര്‍മാര്‍. പോലീസ്, ഫയര്‍ഫോഴ്സ്, ഉദ്യോഗസ്ഥര്‍, ഹസാഡ് അനലിസ്റ്റ് പ്രേം തുടങ്ങിയവര്‍ പങ്കെടുത്തു.