പത്ത് മിനുട്ടിനുള്ളിൽ മനുഷ്യനെ കൊല്ലുന്ന ഭൂതപ്പാനിയും ചാമുണ്ഡിയും പോത്തനും
കണ്ണൂർ: പാമ്പിനെ എവിടെ കണ്ടാലും ഭയത്തിലാവുന്ന ജനങ്ങൾ വാവാ സുരേഷിനെ വിളിക്കുന്നതുപോലെയാണ് , കടന്നൽകൂട് കണ്ടാലുടൻ പ്രകാശനെ തേടുന്നത്. നാട്ടുകാരുടെ ജീവൻ രക്ഷിക്കാൻവേണ്ടി പഴയങ്ങാടി അടുത്തില സ്വദേശി പ്രകാശൻ നാണിയിൽ (39) സ്വന്തം ജീവൻ പണയംവച്ച് നശിപ്പിച്ച കൂടുകൾ 2004.
എട്ടു വർഷം മുമ്പ് ഓലവെട്ടാൻ തെങ്ങിൽ കയറിയപ്പോൾ കടന്നൽ കുത്തേറ്റതോടെ അവയുടെ സംഹാരം ജീവിതദൗത്യമാക്കി. കടന്നലുകളും വിട്ടുകൊടുത്തില്ല. മൂന്നുതവണയാണ് പ്രകാശൻ മെഡിക്കൽ കോളേജ് ആശുപത്രിയിലായത്.
രണ്ടു വർഷം മുമ്പ് കടന്നലുകളുടെ കുത്തേറ്റ് പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പാലത്തിനടുത്ത് താമസിച്ചിരുന്ന നാരായണൻ മരിക്കുകയും അഞ്ചുപേർ ആശുപത്രിയിലാവുകയും ചെയ്തപ്പോഴും നാടിന്റെ രക്ഷകനായി മരംമുറിക്കാരനായ പ്രകാശൻ എത്തി. മരത്തിൽ ഭൂതപ്പാനി ഇനത്തിൽപ്പെട്ട കാട്ടുകടന്നലാണ് കൂടുകൂട്ടിയിരുന്നത്. പരുന്ത് കൊത്തിയതോടെ ഇളകിയ കടന്നലിന്റെ ആക്രമണത്തിന് ഇരയായത് ആറുപേർ. അടുത്തുള്ള പറമ്പിൽ മരിച്ചുകിടന്ന നാരായണന്റെ തലയിൽ 18 കുത്തേറ്റിരുന്നു. നാടാകെ ഭീതിയിലായി.
വെല്ലുവിളി ഏറ്റെടുത്ത പ്രകാശൻ, മരത്തിൽ കയറി വനംവകുപ്പ് നൽകിയ സ്പ്രേകൊണ്ട് ഭൂതപ്പാനിയെ നശിപ്പിച്ചു. വനംവകുപ്പിനും അഗ്നിശമനസേനയ്ക്കും പ്രകാശൻ ഒരു ബലമാണ്. പരേതനായ നടക്കൽ ദാമോദരന്റെയും നാണിയിൽ നാരായണിയുടെയും മകനായ പ്രകാശൻ അവിവാഹിതനാണ്.
ജീവൻ പണയംവച്ച് തീകൊണ്ടുള്ള കളി
രാത്രിയിൽ ജാക്കറ്റും ഗ്ലൗസും ഹെൽമെറ്റും ധരിച്ചാണ് മരത്തിൽ കയറുന്നത്. മണ്ണെണ്ണയോ പെട്രോളോ കൂടിനു ചുറ്റും തളിക്കും. ദൂരേക്ക് മാറിയിരുന്ന് കടലാസിൽ തീ കൊളുത്തി കൂട്ടിനരികിലേക്ക് എറിയും. കൂട് കത്തുംവിധം കൃത്യമായി ചെയ്തില്ലെങ്കിൽ ജീവൻ പോകുന്ന പണിയാണ്. മിന്നൽ വേഗത്തിൽ താഴെ ഇറങ്ങിയില്ലെങ്കിൽ സ്വന്തം ശരീരത്തിലും തീ പിടിക്കും. ചൂടേറ്റ് പുറത്തുചാടുന്ന കടന്നലുകളും ആക്രമിക്കും.
നിരവധി തവണ കടന്നൽക്കുത്തേറ്റിട്ടുണ്ട്. രണ്ടു പ്രാവശ്യം ഗുരുതരാവസ്ഥയിൽ ചികിത്സയിലുമായി.
വനംവകുപ്പ് സ്പ്രേ നൽകാറുണ്ട്.സ്പ്രേ ഉപയോഗിക്കുന്നതോടെ കടന്നലുകൾ മയങ്ങിവീഴും.പിന്നീട് തീയിട്ട് നശിപ്പിക്കാം.
ഭൂതപ്പാനി മുതൽ ചാമുണ്ഡി വരെ
കാട്ടുകടന്നലുകളായ ഭൂതപ്പാനി,ചാമുണ്ഡി,പോത്തൻ എന്നിവയാണ് അപകടകാരികൾ. കുത്തേറ്റ് 10 മിനുട്ടിനുള്ളിൽ ചികിത്സ തേടിയില്ലെങ്കിൽ മരണംവരെ സംഭവിക്കും. 10 മുതൽ 30 കിലോ വരെ വരുന്ന കൂട്ടിൽ പതിനായിരക്കണക്കിന് കടന്നലുകളുണ്ടാകും.