പെൺകുട്ടി എന്ന് വിളിച്ച് കളിയാക്കി; പ്ലസ് ടു വിദ്യാർത്ഥിയെ സഹപാഠി കുത്തിക്കൊന്നു
ചെന്നൈ: ബോഡി ഷെയ്മിംഗിന്റെ പേരിൽ പ്ലസ് ടു വിദ്യാർത്ഥിയെ സഹപാഠി കുത്തി കൊലപ്പെടുത്തി. തമിഴ്നാട്ടിലെ കല്ലാക്കുറിച്ചി ജില്ലയിലാണ് സംഭവം നടന്നത്. പെൺകുട്ടി എന്ന് വിളിച്ചതിൽ പ്രകോപിതനായാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതിയെ ഒബ്സർവേഷൻ ഹോമിലേയ്ക്ക് മാറ്റി.
‘പെൺകുട്ടി’ എന്ന് തന്നെ വിളിക്കുന്നത് നിർത്തണമെന്ന് കൊല്ലപ്പെട്ട വിദ്യാർത്ഥിയോട് പ്രതി ആവശ്യപ്പെട്ടെങ്കിലും നിർത്തിയില്ല. പ്രകോപിതനായ വിദ്യാർത്ഥി ഇരയെ സ്കൂളിന് സമീപം പാർട്ടിക്ക് വിളിച്ചുവരുത്തിയ ശേഷം അരിവാളും കത്തിയും ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു.ബോഡി ഷെയ്മിംഗ് വിദ്യർത്ഥികളിൽ കടുത്ത മാനസിക പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നുവെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം ഡോ. ശരണ്യ ജയ്കുമാർ പറഞ്ഞു.
അതേസമയം, തമിഴ്നാട്ടിൽ വിദ്യാർത്ഥികളുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. മദ്യപാനം, അദ്ധ്യാപകർക്കെതിരെയുള്ള ആക്രമണം തുടങ്ങി നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. വിദ്യാർത്ഥികൾക്കിടയിൽ ഇത്തരം പ്രശ്നങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രശ്നക്കാരായ വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി അടുത്തിടെ പറഞ്ഞിരുന്നു