ഹരിയാന: ഭര്‍ത്താവിനെ അറിയാതെ കൊന്നുപോയി, ആഭ്യന്തര മന്ത്രിയ്ക്ക് കത്തെഴുതി യുവതി. ഹരിയാനയിലെ അംബാല സ്വദേശിനിയായ യുവതിയാണ് ആഭ്യന്തര മന്ത്രി അനില്‍ വിജിന് കത്തെഴുതിയത്. അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ റോഹ്താസ് സിങ്ങിന്റെ ഭാര്യ സുനില്‍ കുമാരിയാണ് കൊലപാതക വിവരം പുറത്തുവിട്ടത്. എന്നാല്‍ റോഹ്തക്കിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
റോഹ്താസ് സിങ് സ്ഥിരം മദ്യപാനിയായിരുന്നു. മദ്യപിച്ചാല്‍ ഭാര്യയെ മര്‍ദ്ദിക്കുന്നതും അസഭ്യം പറയുന്നതും പതിവാണ്. മരണത്തിന്റെ അന്നും മദ്യപിച്ച് ഭാര്യയെ ഇയാള്‍ മര്‍ദ്ദിച്ചിരുന്നു. ഇടയ്ക്ക് റോഹ്താസ് തറയില്‍ വീണു, ഓക്കാനിച്ചു. തറയില്‍ ശര്ദില് വീഴാതിരിക്കാന്‍ സുനില്‍കുമാരി ഒരു തുണികൊണ്ട് റോഹ്താസിന്റെ വായ മൂടി. ശ്വാസം മുട്ടിയതിനെ തുടര്‍ന്ന് കഴിച്ച ഭക്ഷണം ഇയാള്‍ പുറത്തേക്ക് ശര്‍ദ്ദിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍ പറഞ്ഞു.
താന്‍ ഈ വിവരം ആരോടും പറഞ്ഞിട്ടില്ലെന്നും രണ്ടര വര്‍ഷമായി കുറ്റബോധം കൊണ്ട് നീറുകയാണെന്നും ഇവര്‍ കത്തില്‍ പറയുന്നു. ചെയ്ത കുറ്റത്തിന് തന്നെ തൂക്കിലേറ്റണമെന്നും യുവതി ആവശ്യപ്പെട്ടു. കത്തിന്റെ അടിസ്ഥാനത്തില്‍ സുനില്‍കുമാരിക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.