പെൺകുട്ടികളെ അടച്ചിടുന്ന രീതിയല്ല മുസ്ലീം ലീഗിന് ഉണ്ടായിരുന്നത്, ഇപ്പോഴത്തേത് പിന്തിരിപ്പൻ നിലപാട്;
തൃക്കാക്കര: മുസ്ലീം ലീഗിനെതിരെ രൂക്ഷവിമർശനവുമായി മുൻമന്ത്രി കെ ടി ജലീൽ. ലീഗിന് പിന്തിരിപ്പൻ നിലപാടാണുള്ളത്. പെൺകുട്ടികളെ അടച്ചിടുന്ന രീതിയല്ല മുസ്ലീം ലീഗിന് ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘മുസ്ലീം പെൺകുട്ടികളെ മറ്റ് സമുദായങ്ങളിലെ പെൺകുട്ടികൾക്കൊപ്പം വളരാൻ ലീഗ് സാഹചര്യം സൃഷ്ടിച്ചിരുന്നു. എന്നാൽ മുസ്ലീം ലീഗിന്റെ ഇപ്പോഴത്തെ നിലപാട് പിന്തിരിപ്പനാണ്. ഭരണഘടന നൽകുന്ന അവകാശങ്ങൾ എല്ലാ പൗരന്മാർക്കും നൽകാൻ നമ്മളെല്ലാവരും ബാദ്ധ്യസ്ഥരാണ്. അതിൽ സ്ത്രീ, പുരുഷ ഭേദമില്ല.
സർക്കാർ മെഡിക്കൽ കോളേജിലൊക്കെ മത്സര പരീക്ഷകളിൽ പെൺകുട്ടികൾ എത്തുന്നു. ഈ പുരോഗതിയെ ആർക്കും തടുത്ത് നിർത്താൻ കഴിയില്ല’.-ജലീൽ പറഞ്ഞു. തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായ ജോ ജോസഫിനായുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തൃക്കാക്കരയിലെ ജനങ്ങൾ വികസനം ആഗ്രഹിക്കുന്നുവെന്ന് കെ ടി ജലീൽ പറഞ്ഞു. ജാതിയും മതവും നോക്കി മന്ത്രിമാർ വോട്ട് പിടിക്കുന്നുവെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തോടും അദ്ദേഹം പ്രതികരിച്ചു. മതം നോക്കി വോട്ടുപിടിക്കുന്നത് യു ഡി എഫ് രീതിയാണെന്നും ജലീൽ വ്യക്തമാക്കി.