യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും, വിധി അനുകൂലമായാൽ നാട്ടിലെത്തും
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. മുൻകൂർ ജാമ്യം ലഭിച്ചാൽ മാത്രം നാട്ടിലെത്തിയാൽ മതിയെന്നാണ് ദുബായിലുള്ള നടന്റെ തീരുമാനം.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ സുപ്രീം കോടതിയെ സമീപിക്കാനുള്ള സാദ്ധ്യത പരിശോധിക്കാൻ നടൻ നിയമോപദേശം തേടിയിട്ടുണ്ട്. സിനിമയിൽ അവസരങ്ങൾ വാഗ്ദ്ധാനം ചെയ്ത് നിരവധി തവണ വിജയ് ബാബു പീഡിപ്പിച്ചെന്നാരോപിച്ച് കഴിഞ്ഞ മാസം 22നാണ് നടി പൊലീസിൽ പരാതി നൽകിയത്.മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള ദിവസങ്ങളിൽ അഞ്ച് സ്ഥലത്ത് തന്നെ കൊണ്ടുപോയി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് നടിയുടെ മൊഴിയിൽ ഉള്ളത്. യുവതിയുടെ പരാതി പൊലീസിന് ലഭിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് വിജയ് ബാബു രാജ്യം വിട്ടത്.ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് പല തവണ വിജയ് ബാബുവിന് നോട്ടീസ് അയച്ചിരുന്നു. മേയ് 19ന് ശേഷമേ ചോദ്യം ചെയ്യലിന് ഹാജരാകാനാകൂ എന്നായിരുന്നു നടന്റെ നിലപാട്. ഇത് തള്ളിയ പൊലീസ് കടുത്ത നടപടികളിലേക്ക് നീങ്ങി. ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടിസിന്റെ ഭാഗമായി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് വാറണ്ട് യു എ ഇ പൊലീസിന് കൈമാറിയിട്ടുണ്ട്.