രണ്ട് ദിവസം കെട്ടിയിട്ട് തല്ലി, നഗ്നനാക്കി റോഡിലൂടെ നടത്തിച്ചു; സമൂഹ മാദ്ധ്യമം വഴി സ്ത്രീയുമായി ചാറ്റ് ചെയ്തുവെന്ന പേരിൽ യുവാവിന് ക്രൂര മർദ്ദനം; രണ്ട് പേർ അറസ്റ്റിൽ
ബംഗളൂരു: സമൂഹ മാദ്ധ്യമത്തിലൂടെ സ്ത്രീയുമായി ചാറ്റ് ചെയ്തു എന്ന പേരിൽ 20 കാരന് ക്രൂര മർദ്ദനം. യുവാവിനെ രണ്ട് ദിവസത്തോളം ബന്ദിയാക്കി വച്ച് മർദ്ദിക്കുകയും നഗ്നനാക്കി പൊതുവഴിയിലൂടെ നടത്തിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. കർണാടകയിലെ ദാവൻഗെരെ ജില്ലയിലെ അത്തികെരെ ഗ്രാമത്തിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്.യുവാവിനെ തടങ്കലിൽ വച്ച് ആക്രമണം നടത്തിയത് കഴിഞ്ഞ ആഴ്ചയാണെങ്കിലും ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങൾ വഴി പുറത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. ഇതിന് പിന്നാലെയാണ് സംഭവത്തിന്റെ വിശദാംശങ്ങളെ പറ്റി പുറം ലോകമറിഞ്ഞത്. അത്തികെരെ ഗ്രാമത്തിലെ ഗണേശ് എന്ന യുവാവിനാണ് മർദ്ദനമേറ്റത്. ഇതേ ഗ്രാമത്തിലെ യുവതിയ്ക്കാണ് ഗണേശ് സന്ദേശമയച്ചതും.കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് യുവതിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ഗണേശിനെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ട് പോയെന്നാണ് അമ്മ രേണുക പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.രണ്ട് ദിവസം ഒരു കല്യാണ മണ്ഡപത്തിൽ കെട്ടിയിട്ട് തുടരെ മർദ്ദിക്കുകയായിരുന്നു. ഇതിന് ശേഷം വെള്ളിയാഴ്ച ഗണേശിനെ നഗ്നനാക്കി ഗ്രാമത്തിന് ചുറ്റും നടത്തിക്കുകയും ചെയ്തു. മകനെ വിട്ടയക്കണമെന്ന കരഞ്ഞ് പറഞ്ഞിട്ടും യുവതിയുടെ വീട്ടുകാർ ചെവിക്കൊണ്ടില്ല. മകനെ മർദ്ദിക്കുകയും അതിന്റെ വീഡിയോ എടുക്കുകയും ചെയ്തുവെന്നും രേണുക പൊലീസിനോട് പറഞ്ഞു.
ഗണേശൻ ഇപ്പോൾ ദാവൻഗരെയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയാണ് ആദ്യം ഗണേശന് സമൂഹ മാദ്ധ്യമത്തിലൂടെ സന്ദേശമയച്ചതെന്നാണ് ചാറ്റുകൾ പരിശോധിച്ച ശേഷം പൊലീസ് പറയുന്നത്. ഇത് സംബന്ധിച്ച് ചില വീഡിയോകൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ ഒരെണ്ണം യുവാവിനെ നഗ്നനാക്കി നടത്തിക്കുന്നതാണെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇത് വരെ രണ്ട് പേരെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.