എവറസ്റ്റിനെ കാൽ ചുവട്ടിലാക്കി ഇന്ത്യയിൽ നിന്നുള്ള ഡോക്ടർ ദമ്പതിമാർ; റെക്കോഡ് നേട്ടം കൈവരിച്ചത് സപ്ലിമെന്ററി ഓക്സിജന്റെ സഹായമില്ലാതെ
കാഠ്മണ്ഡു: ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റ് കീഴടക്കി ഗുജറാത്തിൽ നിന്നുള്ള ഡോക്ടർ ദമ്പതിമാർ. ആദ്യമായാണ് ഒരു ഡോക്ടർ ദമ്പതിമാർ എവറസ്റ്റിന് മുകളിലെത്തുന്നത്. അഹമ്മദാബാദിൽ നിന്നുള്ള ഡോ. ഹേമന്ത് ലളിത്ചന്ദ്ര ലുവയും അദ്ദേഹത്തിന്റെ ഭാര്യ ഡോ. സുർബിബെൻ ഹേമന്ത് ലുവയുമാണ് ഈ അപൂർവ നേട്ടം കൈവരിച്ചിരിക്കുന്നത്.ഇത് കൂടാതെ ആദ്യമായി എവറസ്റ്റിന് മുകളിലെത്തുന്ന ഇന്ത്യൻ ദമ്പതിമാർ എന്ന നേട്ടവും ഇവർ സ്വന്തമാക്കി.ഡോ. ഹേമന്ത് എൻ എച്ച് എൽ മുനിസിപ്പൽ മെഡിക്കൽ കോളേജിലെ സർജറി വിഭാഗം പ്രൊഫസറും ഭാര്യ ഡോ. സുർബിബെൻ ഗുജറാത്ത് വിദ്യാപീഠിൽ ചീഫ് മെഡിക്കൽ ഓഫീസറുമാണ്.സമുദ്രനിരപ്പിൽ നിന്ന് 8849 മീറ്റർ ഉയരത്തിലുള്ള ഈ കൊടുമുടി കയറാൻ ഇരുവരും സപ്ലിമെന്ററി ഓക്സിജന്റെ ഉപയോഗിച്ചില്ല എന്നതാണ് മറ്റൊരു പ്രത്യേകത. പരിസ്ഥിതി സംരക്ഷണം എന്ന ആശയം മുൻനിർത്തിയാണ് ഇവർ കൊടുമുടി കയറാൻ ഇറങ്ങിത്തിരിച്ചത്.