ഷഹനയുടെ വീട്ടിൽ കഞ്ചാവും എംഡിഎംഎയും എൽഎസ്ഡിയും; മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കും
കോഴിക്കോട്: കാസർകോട് ചെറുവത്തൂർ സ്വദേശിയും നടിയും മോഡലുമായ ഷഹന(20)യെ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് കണ്ടെത്തി. കഞ്ചാവ്, എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയാണ് പൊലീസ് കണ്ടെത്തിയത്. ഷഹനയുടെ ശരീരത്തിൽ ലഹരി വസ്തുക്കളുടെ സാന്നിദ്ധ്യമുണ്ടോയെന്ന് കണ്ടെത്തുന്നതിനായി മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.സംഭവത്തിൽ ഷഹനയുടെ ഭർത്താവ് സജാദ് കസ്റ്റഡിയിലായിരുന്നു. ഷഹനയെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് പെൺകുട്ടിയുടെ ഉമ്മ ഉമൈബ ആരോപിച്ചു. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും വിവാഹം കഴിഞ്ഞ നാൾ മുതൽ സജാദും ബന്ധുക്കളും മകളെ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. മകളുടെ ഇരുപതാം പിറന്നാളാണ് ഇന്നെന്നും ആഘോഷിക്കുന്നതിനായി വീട്ടിലേക്ക് ക്ഷണിച്ച മകൾ ആത്മഹത്യ ചെയ്യില്ലെന്നും ഉമ്മ പറയുന്നു.കഴിഞ്ഞ ദിവസം രാത്രിയോടെ വാടകവീട്ടിലെ ജനലഴിയിലെ കമ്പിയിൽ തൂങ്ങിയനിലയിലാണ് ഷഹനയെ കണ്ടെത്തിയത്. അസ്വാഭാവിക മരണമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആർഡിഒയുടെ സാന്നിദ്ധ്യത്തിലായിരിക്കും ഷഹനയുടെ പോസ്റ്റ്മോർട്ടം നടത്തുക.കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. കാസർകോട് ചെറുവത്തൂർ സ്വദേശിയായ ഷഹന ചില ജുവലറി പരസ്യങ്ങളിലും തമിഴ് സിനിമകളിൽ ചെറിയ വേഷങ്ങളിലും അഭിനിയിച്ചിട്ടുണ്ട്. ഒന്നര വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.