സ്വന്തം പെങ്ങളെയും അളിയനെയും ഒറ്റത്തല്ലിന് കൊന്നിട്ടശേഷമുള്ള ആ മുഖഭാവം ഒന്നു കാണണം. തന്നെ കൊല്ലാൻ വരുന്നത് ഒരുവേള സ്വന്തം മകനാണാ എന്ന് തോന്നുമ്പോളും ആ മുഖത്ത് വരുന്ന വല്ലാത്ത ഭാവമുണ്ട്. ഭീതിയും, നിസ്സംഗതയും, നിസ്സഹായതയുമെല്ലാം ചേർത്ത് അതുപോലൊന്ന് ചെയ്യാൻ അയാൾക്ക് മാത്രമേ കഴിയൂ. നാലു പതിറ്റാണ്ടുനീണ്ടുനിന്ന അഭിനയജീവിതത്തിൽ, ഏത് കള്ളിയിൽ ഉൾപ്പെടുത്താവുന്നതുമായ നാനൂറിലേറെ വേഷങ്ങൾ. ഇനിയെന്താണ് ഈ 70ാം വയസ്സിൽ ചെയ്യാനുള്ളത് എന്ന് ചോദിച്ചവരെ അത്ഭുദപ്പെടുത്തുകയാണ്, മമ്മൂട്ടി എന്ന പ്രായം കൂടുന്തോറും സൗന്ദര്യം കൂടിവരുന്ന ലോക മഹാത്ഭുദം!
അഭിനയത്തിന്റെ അക്ഷയഖനിയാണ് മമ്മൂട്ടിയെന്നും, ഇനിയും ഖനനം ചെയ്തിട്ടില്ലാത്ത ഒരുപാട് ഭാവങ്ങൾ തന്റെ മുഖത്ത് വിടരുമെന്നും ഒരിക്കൽ കൂടി തെളിയിയാണ് സോണി ലിവ് ഒടിടി പ്ലാറ്റ്ഫോമിൽ ഇറങ്ങിയ, നവാഗതയായ രത്തീന സംവിധാനം ചെത്ത ‘പുഴു’ എന്ന പുതിയ ചിത്രം.
ഇതുപോലെ ഒരു ചിത്രത്തിന് ഇമേജുകൾ നോക്കാതെ ഡേറ്റ് കൊടുത്ത ഈ സൂപ്പർതാരത്തെ സമ്മതിക്കണം. ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം ഒരു വൃത്തികെട്ട പൂഴുതന്നെയാണ്. ശരിക്കും ഒരു ചൊറിയൻ പുഴു. അയാൾ ഒരു ടോക്സിക്ക് ഫാദർ ആണ്, അഴിമതിക്കാരനായ പൊലീസാണ്, കുലമഹിമയിലും ജാതിയിലും അഭിരമിക്കുന്നവനാണ്, ഭരണകൂടത്തിന്റെ ഒത്താശയോടെ ഭീകരത എക്സിക്യൂട്ടീവ് ചെയ്തിരുന്ന ആളാണ്…… അങ്ങനെ നെഗറ്റീവ് ടച്ചുകൾ ഒരുപാടുള്ള കഥാപാത്രം. ചിത്രത്തിന്റെ പലഭാഗത്തും മമ്മൂട്ടിയെ കുട്ടൻ എന്ന കഥാപാത്രത്തിന്റെ ചെപ്പക്കുറ്റിക്ക് ഒന്ന് കൊടുക്കാൻ പ്രേക്ഷകന് തോന്നിപ്പോവും. ചിലയടത്തുതോന്നും ചികിത്സ അർഹിക്കുന്ന ഒരു മനോരോഗിയാണ് അയാളെന്ന്, ചിലയിടത്ത് അയാളുടെ ദയനീയാവസ്ഥയിൽ സങ്കടം തോന്നും. അങ്ങനെ അഭിനയം കൊണ്ട് മമ്മൂട്ടി ശരിക്കും ആറാടുന്ന ചിത്രമാണിത്. നേരത്തെ വേണുവിന്റെ ‘മുന്നറിയിപ്പ്’ എന്ന ചിത്രത്തിൽ മമ്മൂട്ടി ഇതുപോലെ ഒരു നെഗറ്റീവ് നായകനെ ചിത്രീകരിച്ചിരുന്നു. പക്ഷേ അതിന്റെ ഒരു സാമ്യവും അനുകരണവരും വരാതെയാണ് അദ്ദേഹം ഈ കഥപാത്രത്തെ ചെയ്യുന്നത്. അതാണ് നടനം.