പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ, സി പി എം നേതാവിനെതിരായ കൂട്ട പരാതിയിൽ മന്ത്രി റിപ്പോർട്ട് തേടി
കൽപ്പറ്റ: പാേക്സോ കേസിൽ വുഷു പരിശീലകനായ അദ്ധ്യാപകനെ പൊലീസ് അറസ്റ്റുചെയ്തു. വയനാട് കൽപ്പറ്റ സ്വദേശിയും കോഴിക്കോട്ടെ സ്കൂളിലെ അദ്ധ്യാപകനുമായ പ്രതിയെ പന്തീരാങ്കാവ് പൊലീസാണ് അറസ്റ്റുചെയ്തത്. ബാലാവകാശ കമ്മിഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. മൂന്ന് പരാതികളാണ് ഇയാൾക്കെതിരെ ലഭിച്ചത്.അതേസമയം, മലപ്പുറത്തെ സി പി എം പ്രാദേശിക നേതാവും നഗരസഭ അംഗവുമായിരുന്ന മുൻ ആദ്ധ്യപകൻ കെ.വി. ശശി കുമാറിനെതിരായ പീഡന പരാതിയിൽ പ്രതിഷേധം കടുക്കുകയാണ്. ഇയാൾക്കെതിരെ അൻപതിലധികം പരാതികൾ ഉയർന്നതോടെ പൊലീസ് കേസെടുത്തു. ഇന്ന് സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ എം എസ് എഫ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.സംഭവത്തെക്കുറിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ശശികുമാർ മുൻപ് പഠിപ്പിച്ച വിദ്യാർത്ഥികൾ തന്നെയാണ് പീഡന ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. സ്കൂളിൽ നിന്ന് വിരമിച്ചതോടെ ഇയാൾ ഫേസ്ബുക്കിലിട്ട പോസ്റ്റിന് പിന്നാലെയാണ് പരാതികൾ ഉയർന്നു വന്നത്. കഴിഞ്ഞ മൂന്നു ടേമായി മലപ്പുറം നഗരസഭയിലെ സി പി എം കൗൺസിലർ കൂടിയായിരുന്നു കെ.വി.ശശി. പരാതി ഉയർന്നതോടെ പാർട്ടി നിർദേശ പ്രകാരം നഗരസഭാഗത്വം രാജിവയ്ക്കുകയായിരുന്നു.