ഇതുവരെ കടത്തിയത് കോടികളുടെ മണൽ, കരയിലെ മണൽപ്പുറ്റ് നീക്കാനെത്തിയവർ നദിയിലിറങ്ങി ആഴത്തിൽ ഖനനം നടത്തുന്നു, പമ്പയിലെ മണൽക്കൊള്ളയിൽ അധികൃതർ മൗനത്തിൽ
പത്തനംതിട്ട : പമ്പയാറിലെ മൺപുറ്റ് നീക്കം ചെയ്യുന്നതിന്റെ മറവിൽ നടക്കുന്ന മണൽക്കൊള്ള അവസാനിപ്പിക്കാൻ നടപടിയെടുക്കാതെ അധികൃതർ മൗനവ്രതത്തിൽ. മൺപുറ്റ് നീക്കാൻ കരാറെടുത്തവർ നദിയിലെ മണൽ ഖനനം ചെയ്ത് കടത്തുകയാണ്. ഇതിനകം കോടികൾ വിലയുള്ള മണൽ രാത്രിയും പകലുമായി കടത്തിയെന്നാണ് ആക്ഷേപം. പഞ്ചായത്തുകളെ അറിയിക്കാതെയും ജനകീയ സമിതികൾ രൂപീകരിക്കാതെയും നടത്തുന്ന മണൽ ഖനനത്തിന് പിന്നിൽ ജില്ലയ്ക്ക് പുറത്തുമുള്ള ലോബികൾ പ്രവർത്തിക്കുന്നതായാണ് സൂചന. നദിയുടെ കരകളിലുള്ള മൺ പുറ്റ് നീക്കാൻ മാത്രം ചുമതലപ്പെട്ടവർ, നദിയിൽ യന്ത്രങ്ങൾ ഉപയോഗിച്ച് ട്രഡ്ജിംഗ് നടത്തിയാണ് മണൽ കടത്തുന്നത്. അയിരൂർ, ചെറുകോൽ, തോട്ടപ്പുഴശേരി, പുല്ലാട്, കീഴുകര, ഇടപ്പാവൂർ ഭാഗങ്ങളിൽ നിന്നാണ് വ്യാപകമായി മണൽ കടത്തിയത്.
പ്രളയത്തിൽ അടിഞ്ഞ ചെളിയും മണ്ണും നീക്കുന്നതിന്റെ മറവിൽ നദിയിൽ ആഴത്തിൽ ഖനനം നടക്കുന്നത് നാട്ടുകാർ ആദ്യമായാണ് കാണുന്നത്. മുൻ വർഷങ്ങളിൽ മൺപുറ്റ് നീക്കം ചെയ്യുന്നതിന് യന്ത്രങ്ങളുമായി നദിയിൽ ഇറങ്ങിയിരുന്നില്ല. ജെ.സി.ബി ഉപയോഗിച്ച് മൺപുറ്റ് നീക്കമാണ് പ്രധാനമായും നടന്നിരുന്നത്. നദിയിൽ ആഴം കൂട്ടേണ്ട ചില ഭാഗങ്ങളിൽ ഇറങ്ങി മണ്ണും മണലും കോരി കരയ്ക്കിടുകയാണ് ചെയ്തിരുന്നത്. നദിയുടെ വീതി കുറയുന്ന ഭാഗങ്ങളിലെ മൺപുറ്റ് നീക്കം ചെയ്യൽ, പ്രളയത്തിൽ അടിഞ്ഞ തടിയും അവശിഷ്ടങ്ങളും നീക്കം ചെയ്യൽ തുടങ്ങിയവയ്ക്കായിരുന്നു ഇറിഗേഷൻ വകുപ്പ് അനുമതി നൽകിയത്. ഇതിന്റെ മറവിലാണ് മണൽ ഖനനം.മൺപുറ്റ് നീക്കലിന്റെ മറവിൽ മണൽ ഖനനം
പമ്പാനദിയുടെ ആരോഗ്യം നശിപ്പിച്ച് നാല് പതിറ്റാണ്ടായി ഖനനം നടക്കുകയാണ്. മണൽ വാരൽ നിരോധിച്ച സമയങ്ങളിലും ഇരുളിന്റെ മറവിൽ ഖനനം നടുന്നു. ഇപ്പോൾ മൺപുറ്റ് നീക്കം ചെയ്യലിന്റെ മറവിലാണ് മണൽ ലോബികൾ ശക്തി പ്രാപിക്കുന്നത്. അയിരൂർ, ആറന്മുള, ഇടയാറന്മുള, ആറാട്ടുപുഴ മേഖലയിലും ചെങ്ങന്നൂരിന് സമീപത്തുമാണ് മണൽഖനനം ഏറെ നടന്നത്. നദിയിലെ മണൽ പൂർണമായും നീക്കം ചെയ്തു എന്നതു മാത്രമല്ല നദി കുഴിഞ്ഞതോടെ ജലം ആ ഭാഗത്തേക്ക് കേന്ദ്രീകരിക്കുകയും പുഴയുടെ വീതി കുറയുകയും ചെയ്യാൻ ഇത് കാരണമായി. അടിത്തട്ട് താഴ്ന്നതോടെ വേനൽകാലത്ത് ജലം വഴിമാറി ഒഴുകാനും തുടങ്ങി. തീരങ്ങളിലെ കിണറുകളിൽ പോലും വെള്ളമില്ലാത്ത അവസ്ഥയ്ക്ക് ഇത് വഴിതെളിച്ചു.