ആരോഗ്യമന്ത്രി കാസർകോട് എത്തിയാൽ ഇപ്പൊ ശരിയാക്കിത്തരാം എ ന്ന് പറയും. വാചകമടിയിൽ സർക്കാരിൽ പാഴായി പോകുന്നത് 300 കോടിയോളം രൂപ. മന്ത്രിമാർ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പറക്കുമ്പോൾ സാധാരണക്കാർ റോഡിൽ മരിച്ചു വീഴാനാണ് വിധി.
കാഞ്ഞങ്ങാട്:കാസർകോട്മെഡിക്കൽ കോളേജ് ഉണ്ട്, കോവിഡ് ആശുപത്രി ഉണ്ട് അമ്മയും കുഞ്ഞും എന്ന പേരിൽ പ്രസവ ആശുപത്രിയും ഉണ്ട്. എന്നാൽ ലോകത്ത് ഒരു മെഡിക്കൽ കോളേജിൽ ഒ .പി വിഭാഗം മാത്രമായി പ്രവർത്തിക്കുന്നത് കാസർകോട് മാത്രമായിരിക്കും. കോവിഡ് ആശുപത്രി ആകട്ടെ മഴയും വെയിലും കൊള്ളാൻ ഉള്ളതായി മാറിക്കഴിഞ്ഞു. കാഞ്ഞങ്ങാട് നിർമ്മിച്ച അമ്മയും കുഞ്ഞും ആശുപത്രി ഒരു കോൺക്രീറ്റ് കെട്ടിടം എന്നതിലുപരി മറ്റൊരു പ്രവർത്തനവും ആരംഭിച്ചിട്ടില്ല.
ഒന്നാം പിണറായി സർക്കാറിന്റെ അവസാന നാളുകളിൽ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്ത പുതിയകോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രിയുടെ വാതിൽ അടഞ്ഞു തന്നെയാണു ളളത്. രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷവേളയിലെങ്കിലും, അമ്മയും കുഞ്ഞും ആശുപത്രി പ്രവർത്തനമാരംഭിക്കുമെന്ന പ്രതീക്ഷയും ഇപ്പോൾ അസ്ഥാനത്തായിരിക്കുന്നു.
പഴയ ജില്ലാശുപത്രി പ്രവർത്തിച്ച സ്ഥലത്ത് ഒരാതുരാലയം വേണമെന്ന ജനകീയാവശ്യത്തെ മുൻ നിർത്തിയാണ് അമ്മയും കുഞ്ഞും ആശുപത്രി തുടങ്ങാൻ തീരുമാനിച്ചത്.
വലിയ പ്രതീക്ഷയോടെ ജനങ്ങൾ കാത്തിരുന്ന ആശുപത്രിയുടെ ഉദ്ഘാടനം തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് നടത്തിയത്. വെറും കെട്ടിടം കൊണ്ട് ആശുപത്രി ആകുമോ എന്ന ചോദ്യത്തിന് മൂന്ന് മാസത്തിനകം പൂർണ്ണ സജ്ജമായ തോതിൽ അമ്മയും കുഞ്ഞും ആശുപത്രി പ്രവർത്തനം തുടങ്ങുമെന്നായിരുന്നു അന്ന് റവന്യൂ മന്ത്രിയായിരുന്ന കാഞ്ഞങ്ങാട് എം.എൽ.എ,ഇ.ചന്ദ്രശേഖരന്റെ സാന്നിധ്യത്തിൽ ആരോഗ്യ മന്ത്രി ശൈലജ നൽകിയ ഉറപ്പ്.
എന്നാൽ തുടർ ഭരണം ലഭ്യമായി ഒരു വർഷം പിന്നിടുമ്പോഴും ഉറപ്പുകൾ ഒന്നും പാലിക്കപ്പെടാതെ പോവുകയാണ്.
സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ചികിത്സ പ്രസവവും പ്രസവാനന്തര ചികിത്സയും തുടങ്ങിയവ ലക്ഷ്യമിട്ടായിരുന്നു മൂന്ന് നിലകളിൽ മനോഹരമായ കെട്ടിടം പണിതീർത്തത്. എന്നാൽ ഒരു ആശുപത്രിക്ക് വേണ്ട സംവിധാനങ്ങളൊന്നും ഇനിയും ഉണ്ടായിട്ടില്ല. വൈദ്യുതി ഉൾപ്പടെയുള്ള പ്രശ്നങ്ങൾ പരിഹരിച്ച് പൂർണ്ണതോതിൽ ആശുപത്രി പ്രവർത്തനമാരംഭിക്കുമെന്ന ഉറപ്പുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെയുള്ളവർ പലതവണ ആവർത്തിച്ചുവെങ്കിലും, സൗകര്യപ്രദമായ കെട്ടിടമല്ലാതെ മറ്റുസംവിധാനങ്ങൾ ഒന്നും തന്നെ ആശുപത്രിയിലെത്തിയിട്ടില്ല.
45,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മൂന്ന് നിലകെട്ടിടത്തിൽ പരിശോധന മുറി, അത്യാഹിത വിഭാഗം, ഫാർമസി, ശസ്ത്രക്രിയ വിഭാഗം, വാർഡുകൾ എന്നിവയ്ക്ക് സൗകര്യമുണ്ട്. പ്രസവത്തിനും നിരീക്ഷണത്തിനും പ്രത്യേകം മുറികളും കെട്ടിടത്തിലുണ്ട്.
ഉദ്ഘാടനം ചെയ്ത മന്ത്രി കെ.കെ. ശൈലജയും ആധ്യക്ഷം വഹിച്ച ഇ.ചന്ദ്രശേഖരനും ഇപ്പോൾ മന്ത്രിമാരല്ലെ ങ്കിലും ഇരുവരം എം.എൽ.എമാരായി തുടരുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് ആരോഗ്യ മന്ത്രി വീണ ജോർജ് കാഞ്ഞങ്ങാട്ടെത്തിയപ്പോഴും അമ്മയും കുഞ്ഞും ആശുപത്രി ഉടൻ തുറക്കുമെന്ന് പറഞ്ഞിരുന്നു. ഇതിപ്പോൾ സിനിമാനടൻ പപ്പുവിൻ്റെ ഇപ്പൊ ശരിയാക്കിത്തരാം എന്ന ഡയലോഗിന്സമാനമായി തീർന്നിരിക്കുകയാണ്.
അതേസമയം മെഡിക്കൽ കോളേജിൻ്റെ പ്രവർത്തി തീരുമ്പോഴേക്കും അതും കെട്ടിപ്പൊക്കിയ അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് കാലപ്പഴക്കം കൊണ്ട് പൊളിച്ചു മാറ്റേണ്ടി വരും എന്നാണ് നാട്ടുകാർ പറയുന്നത്. ആയിരക്കണക്കിന് കോടിയുടെ വികസന വാചകക്കസർത്ത് കേട്ടു മടുത്ത കാസർകോട്ടുകാരുടെ ക്ഷമയെ പരിശോധിക്കുന്നതാണ് സർക്കാരിൻറെ നിലപാടുകൾ. കോവിഡ് പ്രതിസന്ധിയിൽ ടാറ്റ നൽകിയ കൊവിഡ് ആശുപത്രി നിലവിലെ സാഹചര്യത്തിൽ ഒരു സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയായി മാറ്റാൻ സർക്കാറിന് മറ്റു അധിക സാമ്പത്തിക ബാധ്യതകൾ ഇല്ലാതെ തന്നെ ഒരു ഉത്തരവ് കൊണ്ട് സാധിക്കുമെന്നിരിക്കെ മഴയും വെയിലുമേറ്റ് നശിക്കാൻ ആയി വിട്ടു നൽകിയിരിക്കുകയാണ്.
മൂന്ന് ആശുപത്രികൾക്ക് വേണ്ടി ഉദ്ദേശം 300 കോടി രൂപയോളമാണ് പത്തുവർഷംകൊണ്ട് ചെലവഴിച്ചിരുന്നത്. എന്നാൽ ഇതൊക്കെ കോൺക്രീറ്റ് ശവകുടീരങ്ങൾ ആയി മാത്രം കാണാനാണ് ജനങ്ങളുടെ വിധി. മന്ത്രിമാർ മൂലക്കുരു വന്നാൽ പോലും അമേരിക്കയിൽ ചികിത്സ തേടുമ്പോൾ കാസർകോട്ടെ സാധാരണക്കാരായ പൊതുജനം ഇപ്പോഴും ചികിത്സക്കായി നിലവിളിക്കുകയാണ്.