സന്തോഷ് ട്രോഫി നേടിയ കേരള ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ; ഓരോ കളിക്കാരനും അഞ്ച് ലക്ഷം വീതം നൽകും
തിരുവനന്തപുരം: ബംഗാളിനെ തോൽപിച്ച് സന്തോഷ് ട്രോഫി ഫുട്ബാൾ കിരീടം നേടിയ കേരള ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പാരിതോഷികം നൽകാൻ തീരുമാനമായത്. ഓരോ കളിക്കാർക്കും മാനേജർക്കും അഞ്ച് ലക്ഷം വീതവും അസി. കോച്ച്, ഹെഡ് കോച്ച്, ഗോൾ കീപ്പർ ട്രെയിനി, മാനേജർ എന്നിവർക്കും മൂന്ന് ലക്ഷം വീതവും അനുവദിച്ചു.മുഖ്യമന്ത്രി അമേരിക്കയിൽ നിന്നും മടങ്ങിയെത്തിയ ഉടൻ മന്ത്രിസഭാ തീരുമാനം അറിയിക്കുകയായിരുന്നു. നേരത്തെ വിപിഎസ് ഹെൽത്ത് കെയർ ടീമിന് ഒരുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളം സന്തോഷ്ട്രോഫി കിരീടം നേടുന്നത്. നിശ്ചിത സമയത്ത് ഗോൾരഹിതമായിരുന്ന സന്തോഷ് ട്രോഫി ഫൈനലിൽ എക്സ്ട്രാ ടൈമിൽ 1-1ന് ടീമുകൾ തുല്യത പാലിച്ചു. ഇതോടെ പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ 5-4നായിരുന്നു കേരളത്തിന്റെ വിജയം.